ഗോള്‍ഫ് കളിക്കിടെ പന്തുമായി കുറുക്കന്‍ മുങ്ങി; വീഡിയോ വൈറല്‍

 

വാഷിങ്ടണ്‍: ഗോള്‍ഫ് കളിക്കാരന്‍ അടിച്ചുവിട്ട പന്തുമായി മുങ്ങിയ കുറുക്കന്റെ വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ മാസച്യുസൈറ്റ്സിലെ വെസ്റ്റ് സ്പ്രിങ് മൈതാനത്താണ് സംഭവം. മാസ്ലൈവ് ഡോട്ട് കോം ആണ് രസകരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഗോള്‍ഫ് കളി നടക്കുന്നത് വീക്ഷിച്ച് രണ്ടു കുറുക്കന്മാര്‍ വനപ്രദേശത്തോട് ചേര്‍ന്ന മൈതാനത്തുണ്ടായിരുന്നു. കളിക്കാരന്‍ ആദ്യ റൗണ്ടില്‍ ലക്ഷ്യത്തിലേക്ക് ഉന്നംപിഴക്കാതെ ഷോട്ട് ഉതിര്‍ത്തു. എന്നാല്‍ അടിച്ചുവിട്ട പന്ത് കുറുക്കന്‍ കടിച്ചെടുത്ത് പായുകയായിരുന്നു. ഹാങ്ക് ഡൗണി എന്ന കളിക്കാരനും സുഹൃത്തുക്കളുമായിരുന്നു മൈതാനത്തുണ്ടായിരുന്നത്.കളി നടക്കുന്നതിന്റെ കുറച്ചു ദൂരെയായി രണ്ടു കുറുക്കന്മാര്‍ കിടക്കുന്നതു വീഡിയോയില്‍ കാണാം. കളിക്കാരന്‍ അടിച്ചുവിട്ട പന്ത് തനിക്കു നേരെ വരുന്നത് കാണുന്നതോടെ കുറുക്കന്‍ അത് കടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. അതോടെ മറ്റൊരു ബോളുമായി കളിക്കാരന്‍ കളി തുടര്‍ന്നു. സാധാരണ വേനല്‍ക്കാലങ്ങളില്‍ മൈതാനത്തിനു സമീപം കുറുക്കന്മാര്‍ വരാറുണ്ട്. ഒരേസമയം അഞ്ച് കുറുക്കന്മാരെ വരെ കണ്ടിട്ടുണ്ട്. മറ്റു കളിക്കാരുടെയും പന്തുകള്‍ ഇവ കടിച്ചെടുത്തു കൊണ്ടുപോയതായി കേട്ടിട്ടുണ്ട്- ഹാങ്ക് പറയുന്നു. ഈമാസം 18നാണ് സ്പ്രിങ് ഫീല്‍ഡ് കണ്‍ട്രി ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

SHARE