സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം; പികെ കുഞ്ഞാലിക്കുട്ടി


മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ഭരണസംവിധാനം മുഴുവന്‍ സംശയത്തിന്റെ നിഴലിലാണെന്നും രാജിവെച്ച് അന്വേഷണം നേരിടുക മാത്രമാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നടപടി എടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ട്. പ്രതികള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ട്. സ്വപ്നയുമായും സരിത്തുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. ശിവശങ്കറിന് കസ്റ്റംസ് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുകയാണ് വേണ്ടത്. കോവിഡ് പ്രവര്‍ത്തനത്തില്‍ ശ്രദ്ധയൂന്നേണ്ട സര്‍ക്കാര്‍ ഇത്തരം കേസുകള്‍ കാരണം അക്കാര്യത്തില്‍ ദുര്‍ബലമാവുകയാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE