കള്ളക്കടത്തിലെ പാര്‍ട്ടി ബന്ധം പുറത്തുവരണം

രാജ്യംകണ്ട ഏറ്റവുംവലിയ അന്താരാഷ്ട്രസ്വര്‍ണക്കടത്തുകേസിലെ വിവരങ്ങള്‍ ഉദ്യോഗസ്ഥരും കേരളസര്‍ക്കാരും മുഖ്യമന്ത്രിയുടെഓഫീസും കടന്ന് സി.പി.എമ്മിലേക്കും ബി.ജെ.പിയിലേക്കുംകൂടി തിരിഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജൂലൈനാലിന് പിടികൂടപ്പെട്ട 15കോടിയോളംരൂപ വിലവരുന്ന സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണംപുരോഗമിക്കുമ്പോള്‍ തട്ടിപ്പില്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പങ്കാളിത്തം സൂചിപ്പിക്കുന്നതാണ് പ്രധാനപ്രതികളിലൊരാളായ സന്ദീപ്‌നായരുടെ മാതാവിന്റെ പരസ്പരവിരുദ്ധമായ മൊഴി. വെളിപ്പെടുത്തിയതനുസരിച്ച് സി.പി.എമ്മിന്റെ നെടുമങ്ങാട് ബ്രാഞ്ച്കമ്മിറ്റിയംഗമാണ് ഇയാളെന്ന് അമ്മ പറഞ്ഞെങ്കിലും പിന്നീടത് അവര്‍ തിരുത്തിയത് ദൂരൂഹമാണ്. ഇയാളുടെ ഫെയ്‌സ്ബുക്ക് പേജിലാകട്ടെ ബി.ജെ.പിയുമായി ബന്ധപ്പെട്ട പോസ്റ്റുകളും പതാകകളുമാണ്. കേസിലെ പ്രമുഖപ്രതിയും ഐ.ടിവകുപ്പിലെ ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്‌നസുരേഷിന്റെ അടുപ്പക്കാരനാണ് സന്ദീപെന്നാണ് വ്യക്തമായിരിക്കുന്നത്. സ്വപ്‌നയുമായി അടുപ്പമുള്ളതും കള്ളക്കടത്തിലെ തിരുവനന്തപുരത്തെ ഇടനിലക്കാരനുമായ അറസ്റ്റിലായ സരിത്കുമാറിന്റെ സുഹൃത്താണ് സന്ദീപെന്നാണ് കേസന്വേഷിക്കുന്ന കസ്റ്റംസ്അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഐ.ടി വകുപ്പുസെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറിയുമായ ഐ.എ.എസ് ഉദ്യോഗസ്ന്‍ എം. ശിവശങ്കറുടെ കേസിലെ പങ്കാളിത്തം മുന്‍കൂട്ടികണ്ട് അദ്ദേഹത്തെ പുറത്താക്കി തടിയൂരാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അനുനിമിഷം പുറത്തുവരുന്നവിവരങ്ങള്‍ അദ്ദേഹത്തെയും ആ പാര്‍ട്ടിയെയും അമ്പരിപ്പിക്കുന്നുണ്ടാകണം. സന്ദീപിന്റെ ഭാര്യ ഉഷയെ ഇന്നലെ അവരുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കള്ളക്കടത്തുമായി സന്ദീപിനും ഉഷക്കും നേരത്തെതന്നെ ബന്ധമുണ്ടെന്നാണ് ഇതുവരെയുള്ളവിവരം. മുമ്പ് പലതവണയായി സന്ദീപ് സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് സൗമ്യ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. തുടര്‍ച്ചയായി യു.എ.ഇകോണ്‍സുലേറ്റിന്റെപേരില്‍ നാലാമത്തെതവണയാണ് സരിത്തും സന്ദീപും സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് വിവരം. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന ബന്ധംവെച്ചാണ് നയതന്ത്രമാര്‍ഗേണ സ്വര്‍ണം കടത്തിയിരിക്കുന്നത്. എന്നാല്‍ കള്ളക്കടത്തിലെ നയതന്ത്രബന്ധം പൂര്‍ണമായി സ്ഥിരീകരിക്കാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ തയ്യാറാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. മുഖ്യമന്ത്രിക്ക് പിറകെ ഇന്നലെ സ്വര്‍ണക്കടത്തിലെ സര്‍ക്കാര്‍ബന്ധം നിഷേധിച്ച് മന്ത്രി ഇ.പി ജയരാജനും രംഗത്തുവന്നെങ്കിലും കാര്യങ്ങള്‍ പാര്‍ട്ടികളിലേക്ക് നീളുന്നതായിവേണം മനസ്സിലാക്കാന്‍. നെടുമങ്ങാട്ടെ കാര്‍ബണ്‍ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തതും ഇതുമായി കൂട്ടിവായിക്കണം. കടയുടെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തുകയും അതുവഴി ലക്ഷങ്ങള്‍സമ്പാദിക്കുകയും ചെയ്യുമ്പോഴൊന്നും സി.പി.മ്മും സര്‍ക്കാരും പൊലീസും രഹസ്യാന്വേഷണവിഭാഗവും ഇതൊന്നും അറിഞ്ഞിരുന്നില്ലെന്ന് ധരിക്കാന്‍മാത്രംവിഡ്ഢികളാണോ കേരളജനത? ഇയാളെയും സ്വപ്‌നയെയും സംരക്ഷിക്കുന്നശക്തികള്‍ ഏതെന്ന് ഇതിലൂടെ സുവ്യക്തം. അവരിലേക്കും അതുവഴി സര്‍ക്കാരിലെ ഉന്നതരിലേക്കും ഇതെത്തുമെന്നതായിരിക്കാം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനുള്ള മുഖ്യമന്ത്രിയുടെ മടിക്ക് കാരണം. എന്നാല്‍ ഇങ്ങനെ എത്രനാള്‍ മുഖ്യമന്ത്രിക്ക് മറഞ്ഞും മലക്കംമറിഞ്ഞും രാജ്യത്തെ അന്വേഷണഏജന്‍സികള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനാകും?
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറി എം.ശിവശങ്കറിനെതിരെ പുറത്താക്കല്‍നടപടി സ്വീകരിച്ച പിണറായിവിജയന്റെ ന്യായം ഇതോടെ തീര്‍ത്തും ദുര്‍ബലമായിരിക്കുകയാണ്. അടുത്തയാള്‍ പ്രതിയാകുമെന്നുറപ്പായതോടെ താനും കുടുങ്ങുമെന്ന ഭീതിയിലാണ് അദ്ദേഹം ബലിയാടിനെ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെയാണ് അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എറണാകുളംകളമശേരി സി.പി.എംഏരിയാസെക്രട്ടറി സക്കീര്‍ഹുസൈനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. അതിനുമുമ്പ് പാര്‍ട്ടിസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിറാലിക്കിടെ സഞ്ചരിച്ച ആഢംബരകാര്‍ സംബന്ധിച്ചും വിവാദമുയര്‍ന്നിരുന്നു. രാജ്യത്ത് ഒരൊറ്റസംസ്ഥാനത്ത്മാത്രം അവശേഷിക്കുന്ന സി.പി.എമ്മിന്റെ ആസ്തി 2019ലെ കണക്കുപ്രകാരം 479.58 കോടിയാണ്-ബി.ജെ.പിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ മൂന്നാമത്. ഈ വരുമാനസ്രോതസ്സ് കൂടി ഇപ്പോഴത്തെ അന്വേഷണത്തില്‍ ഉള്‍പ്പെടണം. മുഖ്യമന്ത്രി കൈകാര്യംചെയ്യുന്ന ഐ.ടി വകുപ്പില്‍ കരാര്‍വ്യവസ്ഥയിലാണെങ്കിലും സ്വപ്‌നസുരേഷ് എന്ന പതിവുതട്ടിപ്പുകാരി എങ്ങനെ കയറിപ്പറ്റി എന്നതുസംബന്ധിച്ച് ഇനിയും വിശദീകരണത്തിന്റെ ആവശ്യമില്ല. അത്രകണ്ട് അടുത്തബന്ധമാണ് ഐ.ടി സെക്രട്ടറിയും സ്വപ്‌നയും തമ്മിലുണ്ടായിരുന്നതെന്ന് ഇതിനകം തെളിഞ്ഞിട്ടുള്ളതാണ്. ജനാഭിപ്രായവും മാധ്യമവാര്‍ത്തകളും വിശ്വസിച്ചാണ് ശിവശങ്കറിനെ നടപടിയെടുത്തതെന്ന് പറയുന്ന പിണറായിവിജയന്‍ പരോക്ഷമായി സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ളബന്ധം ശരിവെക്കുകയാണ്. ഇതുതന്നെയാണ് പിണറായിയെയും കുരുക്കിലാക്കുന്നത്. തനിക്ക് ഇത്രയും അടുപ്പമുള്ളയാള്‍ അതും വര്‍ഷങ്ങളായി, ഒരു തട്ടിപ്പുകാരിയുമായി ഇത്രയും അടുത്ത ബന്ധം ഉണ്ടാക്കിയിരുന്നെങ്കില്‍ കള്ളക്കടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരോക്ഷമായ ബന്ധത്തെ തള്ളിപ്പറയാന്‍ കഴിയില്ല. സ്പ്രിന്‍ക്‌ളര്‍, ഇ.-ബസ്, ബിവറേജസ് ആപ് തുടങ്ങിയവയിലെല്ലാം കോടതിയും മാധ്യമങ്ങളും പ്രതിപക്ഷവും തെറ്റ്ചൂണ്ടിക്കാട്ടിയിട്ടും ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായിവിജയന്‍ സ്വീകരിച്ചത്. ഇതിനുകാരണം വെറും ഉദ്യോഗസ്ഥബന്ധം മാത്രമല്ല, അദ്ദേഹവുമായി മുഖ്യമന്ത്രിക്കുള്ളതെന്നാണ് വ്യക്തമാകുന്നത്. അപ്പോള്‍ സ്വര്‍ണക്കടത്തിന്റെ വിഹിതം ശിവശങ്കറിലും അവിടെയും കടന്ന് സര്‍ക്കാരിലെ ഉന്നതരിലേക്കും പോയിട്ടുണ്ടെന്ന് സംശയിച്ചാല്‍ തെറ്റില്ല. കേന്ദ്രമന്ത്രി മുരളീധരന്‍ ഇക്കാര്യത്തില്‍ ചില സൂചനകള്‍ കേന്ദ്രസര്‍ക്കാരിന്റേതായി നല്‍കിയത് ഗൗരവത്തില്‍ കാണേണ്ടതുണ്ട്.
വെറും സര്‍ക്കാര്‍-തട്ടിപ്പുശൃംഖലയിലൊതുങ്ങുന്നില്ല. സി.പി.എമ്മും ബി.ജെ.പിയും ഉള്‍പ്പെട്ട സ്വര്‍ണക്കടത്തെന്നാണ് സന്ദീപിന്റെ പാര്‍ട്ടിബന്ധം വെളിപ്പെടുത്തുന്നത്. അമ്മയെ ആരോ പഠിപ്പിച്ചുവിട്ടരീതിയിലാണ് അവര്‍ സംസാരിക്കുന്നതും. ഇതിന് പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ മറുപടി പറയുകതന്നെവേണം. ബി.ജെ.പിയുടെ തിരുവന്തപുരത്തെ പ്രമുഖനേതാവിനെതിരെ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട കോഴക്കേസില്‍ പൊലീസ് ചോദ്യം ചെയ്തതാണ്. സന്ദീപ് പാര്‍ട്ടിയിലെ ഗ്രൂപ്പ്‌സമവാക്യങ്ങളില്‍ ഒതുക്കപ്പെട്ടിരിക്കാമെങ്കിലും ഉന്നതരുമായി ബന്ധപ്പെട്ടതിനാല്‍ ഒഴിവാക്കപ്പെടുകയായിരുന്നോ എന്നതും ആലോചനാമൃതമാണ്. പക്ഷേ സത്യസന്ധമായ അന്വേഷണത്തിന് ശ്രമിക്കാതെ കേവലം രാഷ്ട്രീയനേട്ടത്തിനായി ഈ പ്രമാദമായ കേസിനെ തള്ളിക്കൊണ്ടുപോകാമെന്ന് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ധരിക്കരുത്.

SHARE