സ്വര്‍ണക്കടത്ത്: മലപ്പുറത്തു നിന്ന് പിടിയിലായത് റമീസ്- തോക്കു കടത്തു കേസിലെ പ്രതി

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മലപ്പുറത്തു നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത് പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി മുഹമ്മദ് റമീസിനെ. ഞായറാഴ്ച പുലര്‍ച്ചെ പ്രത്യേക വാഹനത്തില്‍ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റമീസിനെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ഹാജരാക്കും.

നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുമാണ് റമീസ്. രണ്ടു ബാഗുകളിലായി അന്ന് കൊണ്ടുവന്നത് ആറു റൈഫിളുകളാണ്. ഗ്രീന്‍ചാനല്‍വഴി കടത്താന്‍ ശ്രമിക്കവെയാണ് കസ്റ്റംസ് പിടികൂടിയത്.

കേസിലെ പ്രധാനകണ്ണിയാണ് റമീസ് എന്നാണ് കസ്റ്റംസ് കരുതുന്നത്. സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തും അടക്കം ക്യാരിയര്‍മാരാണെന്നും സ്വര്‍ണ കടത്തിന് പിന്നില്‍ ഉന്നത ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് കസറ്റംസ്.

കേസില്‍ റമീസിന്‍റെ മൊഴി നിര്‍ണായകമാകും. ഇതുപ്രകാരം കൂടുതല്‍ അറസ്റ്റുണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്. കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

അതിനിടെ, സ്വപ്‌ന സുരേഷ് പെരിന്തല്‍മണ്ണയില്‍ എത്തിയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെത്തിയ ശേഷമാണ് ബെംഗളൂരുവിലേക്ക് പോയതെന്നാണ് വിവരം.

SHARE