സ്വര്‍ണക്കടത്ത്, അഴിമതി; സംശയ നിഴലില്‍ ഐ.ടി വകുപ്പ് പരിപാടികള്‍

അഷ്റഫ് തൈവളപ്പ്

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം ഐടി വകുപ്പിലെ ഉന്നതരിലേക്ക് നീങ്ങുന്നതിനിടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഐടി വകുപ്പിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന കൊച്ചി ഡിസൈന്‍ വീക്ക് സമ്മിറ്റ് സംശയ നിഴലില്‍. സമ്മിറ്റിന്റെ മറവില്‍ വന്‍ ധൂര്‍ത്തും ക്രമക്കേടും നടന്നതായാണ് ആരോപണം. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ശിവശങ്കറിന്റെ നേതൃത്വത്തിലാണ് 2018ലും 2019ലും ഡിസൈന്‍ വീക്ക് സംഘടിപ്പിക്കപ്പെട്ടത്. സ്വര്‍ണക്കടത്തില്‍ സംശയനിഴലിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനാണ് ഈ പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. ഡിസൈന്‍ വീക്കിന്റെ സ്പെഷ്യല്‍ ഓഫീസര്‍ പദവിയായിരുന്നു അരുണ്‍ വഹിച്ചത്. മഹാപ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധയില്‍ നില്‍ക്കുമ്പോഴാണ് രണ്ടു തവണയും കൊച്ചി ബോള്‍ഗാട്ടി പാലസിനോട് ചേര്‍ന്നുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ ലക്ഷങ്ങള്‍ ചെലവിട്ട് ഡിസൈന്‍ വീക്ക് സംഘടിപ്പിക്കപ്പെട്ടത്. വിദേശ പ്രതിനിധികള്‍ അടക്കം മൂന്നു ദിവസത്തെ പരിപാടിയില്‍ പങ്കെടുത്തു. പ്രളയത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി നില്‍ക്കുമ്പോള്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടതിനെതിരെ അന്നു തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഐടി വകുപ്പോ സര്‍ക്കാരോ അത് ഗൗനിച്ചില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു 2019ല്‍ പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകന്‍. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പരിപാടിയില്‍ പങ്കെടുത്തു.

2018ല്‍ രണ്ടു ദിവസമായി നടത്തിയ പരിപാടി കഴിഞ്ഞ വര്‍ഷം മൂന്നു ദിവസമായി ദീര്‍ഘിപ്പിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിന് പുറമെ പതിനായിരം രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയായിരുന്നു പരിപാടിയിലേക്കുള്ള പ്രവേശനം. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും വരെ 3500 രൂപയോളം ഫീസ് ഇനത്തില്‍ ഈടാക്കി. വന്‍കിട ഗ്രൂപ്പുകളെ ഇറക്കി ഫുഡ് ഫെസ്റ്റിവല്‍, മ്യൂസിക് ഫെസ്റ്റിവല്‍ എന്നിവയും സംഘടിപ്പിച്ചു. അയ്യായിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് കണക്ക്. രാജ്യത്തെ ഏറ്റവും വലിയ ഫെസ്റ്റെന്ന ഖ്യാതിയോടെ സ്വകാര്യ ഫൗണ്ടേഷന്റെ സഹായത്തോടെ ഒരു മേക്കര്‍ ഫെസ്റ്റ് ഡിസൈന്‍ വീക്കിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. രൂപകല്‍പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നായിരുന്നു ഐടി വകുപ്പിന്റെ വാദം. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഉച്ചകോടി എന്ന അവകാശവാദവുമായി നടത്തിയ പരിപാടി കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഇതുവരെ കേരളത്തിനുണ്ടായിട്ടില്ലെന്ന് ഈ രംഗത്തുള്ളവര്‍ തന്നെ പറയുന്നു. സമ്മിറ്റിന് മുന്നോടിയായി വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, സര്‍ക്കാര്‍ പി.ആര്‍.ഡി സംവിധാനം ഉണ്ടായിട്ടും ഒരു സ്വകാര്യ പി.ആര്‍ ഏജന്‍സിക്കായിരുന്നു സമ്മിറ്റിന്റെ വാര്‍ത്തവിതരണ ചുമതല. ഇതിന് വേണ്ടി മാത്രം ലക്ഷങ്ങള്‍ ചെലവഴിച്ചെന്നാണ് സൂചന. ഐടി വകുപ്പിന്റെ മിക്ക പരിപാടികളുടെയും പി.ആര്‍ ചുമതല ഈ ഏജന്‍സി തന്നെയാണ് നിര്‍വഹിക്കാറ്. പബ്ലിക് റിലേഷന്‍ വകുപ്പിനെ നോക്കുകുത്തിയാക്കി സര്‍ക്കാരിന്റെ നിരവധി വകുപ്പുകളില്‍ ഈ ഏജന്‍സിക്ക് കരാറുണ്ടെന്നാണ് സൂചന.

Sub Story

വിദേശ പ്രതിനിധികളെ
സ്വീകരിച്ചത് സ്വപ്നയും സരിത്തും

കൊച്ചി: ഐടി വകുപ്പ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടത്തിയ വിവിധ പരിപാടികളുടെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നതായി കസ്റ്റംസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഈ പരിപാടികള്‍ക്കെത്തിയ വിദേശപ്രതിനിധികള്‍ വഴി സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസിന്റെ നിഗമനം. കൊച്ചി ഡിസൈന്‍ വീക്കിന് പുറമെ ഹാഷ് ഫ്യൂച്ചര്‍ പരിപാടിയുടെയും പ്രധാന സംഘാടകന്‍ എം.ശിവശങ്കറായിരുന്നു. 2018 മാര്‍ച്ച് 12,13 തീയതികളിലാണ് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ഹാഷ് ഫ്യൂച്ചര്‍ എന്ന ഡിജിറ്റല്‍ ഗ്ലോബല്‍ കോണ്‍ക്ലേവ് നടന്നത്. ഈ സമയത്ത് സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നു. 2019 ഡിസംബറിലെ കൊച്ചി ഡിസൈന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയ വിദേശപ്രതിനിധികളെ വിമാനത്താവളത്തില്‍ നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കുന്നതിന്റെ ചുമതലയും സ്വപ്നക്കും സരിത്തിനുമായിരുന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഗ്രീന്‍ ചാനല്‍ വഴി പരിശോധനയില്ലാതെ എത്തിയ വിദേശപ്രതിനിധികളുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം നടത്തുമെന്നാണ് വിവരം.