തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി 50 കിലോ സ്വര്‍ണം കടത്തുന്നത് സംബന്ധിച്ച ശബ്ദരേഖ പുറത്ത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സെറീന ഷാജി കേസിലെ മറ്റൊരു പ്രതിയോട് ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. കടത്തു കഴിഞ്ഞതിനു ശേഷമുള്ള ആഘോഷങ്ങള്‍ ബാങ്കോക്കിലും പട്ടായയിലുമാണെന്നും പ്രതിയുടെ വെളിപ്പെടുത്തലുണ്ട്.
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ബിജുവാണ് സ്വര്‍ണം കൊണ്ടു വരുന്നതെന്ന് സെറീന കേസിലെ മറ്റൊരു പ്രതിയായ സിന്ധുവിനോടാണ് സംസാരിക്കുന്നത്. കടത്തു കഴിഞ്ഞ ശേഷമുള്ള ആഘോഷപരിപാടികള്‍ പട്ടായയിലും ബാങ്കോക്കിലുമായിരിക്കുമെന്നും പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 705 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി ഈ സംഘം കടത്തിയതായാണ് ഡി.ആര്.ഐ.യുടെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ദുബായിലും തിരുവനന്തപുരത്തും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് സെറീനയും കൂട്ടരുമാണ്. ഇതിനായി 26 പേരെയാണ് യാത്രക്കായി നിയമിച്ചത്. സ്വര്‍ണം കടത്താനായ ഈ 26 പേരും യാത്ര നടത്തിയത് 122 തവണയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.