സ്വര്‍ണക്കടത്ത്; ഫൈസല്‍ ഫരീദിനെതിരെ എന്‍ഐഎ കോടതിയുടെ അറസ്റ്റ് വാറണ്ട്


കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ എന്‍ഐഎ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയുടെ അപേക്ഷ അനുവദിച്ചാണ് പ്രത്യേക കോടതിയുടെ ഉത്തരവ്. യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദാണെന്നാണ് എന്‍ഐഎക്ക് ലഭിച്ച വിവരം.

ഫൈസല്‍ ഫരീദിനെതിരെ അറസ്റ്റ് വാറന്റ് എന്‍ഐഎ യുഎഇക്ക് കൈമാറും. കുറ്റവാളികളെ കൈമാറുന്നതിന് യുഎഇയും ഇന്ത്യയും തമ്മില്‍ കരാറുണ്ട്. ഫൈസല്‍ ഫരീദ് തൃശൂര്‍ കയ്പമംഗലം സ്വദേശിയാണന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്.

എന്‍ഐഎ കസ്റ്റഡിയിലുള്ള രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. പ്രതികളെ എന്‍ഐഎ കോടതി ഏഴ് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരുന്നു. നാലാം പ്രതിയായ സന്ദീപില്‍ നിന്ന് പിടിച്ചെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കും. കേസിലെ നിര്‍ണായക വിവരങ്ങള്‍ സന്ദീപിന്റെ ബാഗ് പരിശോധിച്ചാല്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുള്ളത്.

SHARE