സ്വര്‍ണക്കടത്ത്: ആസൂത്രണം നടന്നത് ശിവശങ്കറിന്റെ ഫ്ളാറ്റില്‍ – വെളിപ്പെടുത്തലുമായി കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് ജൂണ്‍ മുപ്പതിന് നടന്ന സ്വര്‍ണക്കടത്തിന്റെ ആസൂത്രണം നടന്നതെന്ന് കസ്റ്റംസ് പറയുന്നു. ഇത് സംബസിച്ച തെളിവുകള്‍ ലഭിച്ചതായി കസ്റ്റംസ് വ്യക്തമാക്കി.

എന്നാല്‍ ശിവശങ്കറിനെ കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് കസ്റ്റംസ് പറയുന്നത്. ശിവശങ്കര്‍ ഇല്ലാത്തപ്പോഴും പ്രതികള്‍ ഫ്‌ളാറ്റില്‍ വരാറുണ്ടായിരുന്നു. സെക്രട്ടറിയേറ്റിന് സമീപമുള്ള ഫ്‌ളാറ്റിലാണ് ശിവശങ്കര്‍ താമസിക്കുന്നത്. ഇവിടെ നേരത്തെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് നടന്ന് പോകാവുന്ന ദൂരത്താണ് ഈ ഫ്‌ളാറ്റ്.

ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ബന്ധം പ്രതികള്‍ ഉപയോഗിച്ചിരുന്നു എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ശിവശങ്കര്‍ ഇല്ലാത്ത സമയത്തും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ഇടനിലക്കാരുമായ സ്വപ്‌ന സുരേഷും സരിത്തും സന്ദീപ് നായരുമെല്ലാം ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകരായിരുന്നു എന്നാണ് കസ്റ്റംസ് പറയുന്നത്.

SHARE