കൊച്ചി: തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ ഒരു കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്നു പ്രതിഭാഗം. വാദത്തെ സാധൂകരിക്കാനായി വിവാഹ വേളയിലെ സ്വപ്നയുടെ ചിത്രം പ്രതിഭാഗം ഹാജരാക്കി. സ്വപ്ന അഞ്ചു കിലോഗ്രാം (625 പവന്) സ്വര്‍ണാഭരണങ്ങള്‍ ധരിച്ചു നില്ക്കുന്ന ചിത്രമാണിത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും പ്രതഭാഗം അറിയിച്ചു.
അതിനിടെ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് വന്‍ സ്വാധീനമായിരുന്നുവെന്ന് എന്‍ഐഎ അന്വേഷണ സംഘം വാദിച്ചു. ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ ആവശ്യപ്പെട്ടു. അധികാര ഇടനാഴികളിലും പൊലീസിലും സ്വപ്നയ്ക്കു വന്‍ സ്വാധീനമുണ്ടായിരുന്നതായും അതുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയതായും സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ കസ്റ്റംസും അറിയിച്ചു. സ്പേസ് പാര്‍ക്കില്‍ ഒരു ലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുമ്പോള്‍ തന്നെ സ്വപ്ന കോണ്‍സുലേറ്റില്‍ നിന്നു മാസം 1000 ഡോളര്‍ (ഏകദേശം 73,000 രൂപ) വേതനം പറ്റിയിരുന്നതായും എന്‍ഐഎ അറിയിച്ചു.
സ്വപ്നയുടെ ജാമ്യഹര്‍ജി എതിര്‍ക്കവെയാണ് എന്‍.ഐ.എ കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിച്ചത്. സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ എല്ലാ ഘട്ടത്തിലും സ്വപ്ന പങ്കാളിയായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സ്വര്‍ണം കടത്തിക്കൊണ്ടു വന്ന ബാഗ് കസ്റ്റ്ംസ് അധികൃതര്‍ പിടിച്ചുവച്ചപ്പോള്‍ ബാഗ് വിട്ടുകിട്ടാന്‍ സഹായം ആവശ്യപ്പെട്ട് സ്വപ്ന ശിവശങ്കറിനെ ഫ്ളാറ്റിലെത്തി കണ്ടിരുന്നു. സ്വപ്നയ്ക്ക് സ്പേസ് പാര്‍ക്കില്‍ ജോലി തരപ്പെടുത്തിയത് ശിവശങ്കറാണ്- എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ പറഞ്ഞു.
ഒറ്റപ്പെട്ട സ്വര്‍ണക്കടത്തല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കാനാണ് പ്രതികള്‍ ശ്രമിച്ചത് എന്നും എന്‍.ഐ.എ വാദിച്ചു. സാമ്പത്തിക കുറ്റകൃത്യമായി മാത്രമേ കേസിനെ കാണാവൂ എന്നും ഭീകരപ്രവര്‍ത്തനമായി കാണരുതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.