റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; സ്വപ്‌നയുടേയും സന്ദീപിന്റേയും കോവിഡ് ഫലം പുറത്ത്- കസ്റ്റഡിക്കായി എന്‍ഐഎ ഇന്ന് കോടതിയെ സമീപിക്കും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് ടെസ്റ്റിന്റെ ഫലം ലഭിച്ചു. സ്രവ പരിശോധനയില്‍ പ്രതികള്‍ക്ക് കോവിഡ് നെഗറ്റീവാണെന്ന് വ്യക്തമായതോടെ ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് കേസ് പരിഗണിക്കുക.

ഇന്ന് രാവിലെ 11 മണിക്ക് ശേഷമാകും ഇരുവരുടേയും കസ്റ്റഡി അപേക്ഷ പ്രത്യേക എന്‍ഐഎ കോടതി പരിഗണിക്കുക. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തില്‍ ഇവരെ കസ്റ്റഡിയില്‍ വിട്ട് കൊടുക്കുന്നതിന് മറ്റ് തടസങ്ങളില്ല.

അതിനിടെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്ത റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റമീസിനെ ഇന്നലെ കസ്റ്റംസ് കൊച്ചിയില്‍ എത്തിച്ച് കേസില്‍ ആദ്യം അറസ്റ്റിലായ സരിത്തിനൊപ്പം ചോദ്യം ചെയ്തിരുന്നു. സന്ദീപുമായും സരിത്തുമായും റമീസിന് അടുത്ത ബന്ധമുണ്ടെന്നും ഇയാള്‍ സ്വര്‍ണക്കടത്തിലെ ഇടനിലക്കാരനാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണം മറിച്ചു വിൽക്കാൻ സഹായിച്ചതും സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടാക്കിയതും റമീസാണെന്ന് സരിത്തിൻ്റെ മൊഴിയിൽ നിന്ന് അന്വേഷണസംഘത്തിന് വിവരം ലഭിക്കുകയായിരുന്നുവെന്നാണ് സൂചന. സരിത്തിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റംസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുൻപ് ഒരു സ്വര്‍ണക്കടത്തു കേസിലും പ്രതിയായ റമീസ് ഒരു മാൻവേട്ടക്കേസിലും അന്വേഷണം നേരിട്ടിട്ടുണ്ട്. ലൈസൻസുള്ള തോക്കുകള്‍ കൈവശമുള്ള ഇയാള്‍ 2014ലാണ് വാളയാറിൽ രണ്ട് മാനുകളെ വെടിവെച്ചു കൊന്നത്. 

നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെയും റമീസിനേയും വിട്ടുകിട്ടുന്നതിനായി എന്‍.ഐ.എ വൈകാതെ കോടതിയെ സമീപിച്ചേക്കും. ഒപ്പം എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള ഇരുവരേയും ചോദ്യം ചെയ്യാനായി കസ്റ്റംസും കോടതിയെ സമീപിക്കും.

ഒന്‍പത് മണിയോടെ തൃശ്ശൂരിലെ കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് സ്വപ്നയെ കൊച്ചിയിലേക്ക് കൊണ്ടുപോകും എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല.