കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ സംഘം കോടതിയില്‍. സ്വപ്നയുടെ ജാമ്യഹര്‍ജി എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍ഐഎയ്ക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിജയ കുമാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി സ്വപ്നയ്ക്ക് ബന്ധമുള്ള കാര്യം നേരത്തെ പുറത്തുവന്നതാണെങ്കിലും കോടതിയില്‍ ഒരു വാദമായി എന്‍ഐഎ ഇക്കാര്യം ഉയര്‍ത്തുന്നത് ഗൗരവകരമാണ്.സ്വര്‍ണ്ണം കടത്തിയ കേസില്‍ യുഎപിഎ നിലനില്‍ക്കുമോ എന്ന് എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെന്ന വാദമായിരുന്നു ഇതിന് മറുപടിയായി എന്‍ഐഎ കോടതിയില്‍ നല്‍കിയത്.
സ്വര്‍ണക്കടത്തിന്റെ പേരില്‍ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. ഇത് നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന വാദമായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റേത്. ഇതിന് മറുപടിയായി സംഗതി കൂടുതല്‍ ഗൗരവമുള്ളതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.