സ്വര്‍ണക്കടത്ത് കേസ്: മലപ്പുറത്ത് ഒരാള്‍ പിടിയില്‍- പ്രധാന കണ്ണിയെന്ന് സംശയം

മലപ്പുറം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രധാന കണ്ണിയെന്ന് കരുതപ്പെടുന്നയാളെ മലപ്പുറത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറത്ത് നിന്ന് അറസ്റ്റിലായത് പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് ആണെന്നാണ് വിവരം. പ്രത്യേക വാഹനത്തില്‍ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസില്‍ തന്നെയാണ് ഇപ്പോഴുള്ളത്. ഇരുവരേയും ചോദ്യം ചെയ്യും.

സ്വപ്‌ന സുരേഷും സന്ദീപ് നായരും സരിത്തും അടക്കം ക്യാരിയര്‍മാരാണെന്നും സ്വര്‍ണ കടത്തിന് പിന്നില്‍ ഉന്നത ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് കസറ്റംസ്.

റമീസ് മുന്‍പും കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായിട്ടുണ്ട്. സ്വര്‍ണക്കടത്തുകാരില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റി വിതരണം ചെയ്തിരുന്നയാളാണ് റമീസ്.

തിരുവനന്തപുരത്തെ നയതന്ത്രബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യംചെയ്തതില്‍ നിന്നാണ് റമീസിനെ സംബന്ധിച്ച വിവരം ലഭിച്ചത്. സ്വര്‍ണക്കടത്തില്‍ നിക്ഷേപം നടത്തിയ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും. അഞ്ച് പേര്‍ നിരീക്ഷണത്തിലുണ്ട്.

SHARE