പത്ത് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍; ഐടി സെക്രട്ടറി ശിവശങ്കറിനെ വീട്ടിലെത്തിച്ചു

തിരുവന്തപുരം: 10 മണിക്കൂറോളം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരികെയെത്തിച്ചു. തിരുവനന്തപുരത്തേ കസ്റ്റംസ് ആസ്ഥാനത്തു ഇന്നലെ വൈകീട്ട് 5.30 ആരംഭിച്ച് ചോദ്യംചെയ്യല്‍ ഇന്ന് പുലര്‍ച്ച 2.30 തോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളിലായി അന്വേഷണ സംഘം തന്നെയാണ് ശിവശങ്കറിനെ തിരികെ വീട്ടിലെത്തിച്ചത്.

മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം രാത്രി തനിയെ തിരികെ വിടുന്നതിലെ ആശങ്കകള്‍ പരിഗണിച്ചാണ് ശിവശങ്കറിനെ കസ്റ്റംസ് തന്നെ വീട്ടിലെത്തിച്ചത്. ചൊവ്വാഴ്ച കംസ്റ്റംസിന്റെ നോട്ടീസ് ലഭിച്ച ശിവശങ്കര്‍ വൈകി അഞ്ചുമണിയോടെ സ്വന്തം കാറിലാണ് കസ്റ്റംസ് ആസ്ഥാനത്ത് എത്തിയിരുന്നത്. എന്നാല്‍ ഈ കാര്‍ ഇപ്പോള്‍ ഓഫീസ് വളപ്പിലാണ്. വീടിന് പിന്നിലെ വഴിയിലൂടെ മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെയാണ് ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചത്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല എന്നാണ് കരുതുന്നത്. അതിനാല്‍ അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്നുള്ള സൂചനകളുമുണ്ടായിരുന്നു. എന്നാല്‍ പുലര്‍ച്ചയോടെ വീട്ടിലെത്തിക്കുകയാണുണ്ടായത്. സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി ഇത്രയും നേരം ചോദ്യം ചെയ്തത് ഇതാദ്യമായാണ്.

സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്തത്. ശിവശങ്കറും പ്രതികളും തമ്മില്‍ ഫോണ്‍ സംഭാഷണങ്ങള്‍ പലതവണ നടന്നിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ശിവശങ്കറെ ചില സിസിടിവി ദൃശ്യങ്ങള്‍ കൂടി കാട്ടിയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്.
സ്വപ്ന, സരിത്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. കൊച്ചിയില്‍ നിന്ന് കസ്റ്റംസ് കമ്മിഷണര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. സെക്രട്ടേറിയറ്റിന് സമീപം ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിനു സമീപത്തെ ഹോട്ടലില്‍ കസ്റ്റംസ് പരിശോധനയും നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈ മാസം 1, 2 തീയതികളില്‍ മുറിയെടുത്ത നാലുപേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. പ്രതികളുമായി ഒട്ടേറെ തവണ ഫോണ്‍ ചെയ്തതിന്റെ തെളിവുകള്‍ കൂടി കാട്ടിയാണ് കസ്റ്റംസ് സംഘം ശിവശങ്കറെ ചോദ്യം ചെയ്തതെന്നാണ് വിവരം.

ഡിആര്‍ഐ ഉദ്യോഗസ്ഥരും ശിവശങ്കറിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യാന്‍ എത്തിയിരുന്നു. ശിവശങ്കറുമായി കേസിലെ പ്രതികള്‍ക്കുണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വര്‍ണക്കടത്തുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.