സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി സൗഹൃദമുണ്ടെന്ന് എം ശിവശങ്കര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി സൗഹൃദമുണ്ടെന്ന് എം ശിവശങ്കര്‍. ഔദ്യോഗിക പരിചയം സൗഹൃദത്തിലേക്ക് വഴി മാറിയെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുകയാണ്. അതേസമയം ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും.

ഇന്നലെ പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ്, ശിവശങ്കറിനെ വീട്ടില്‍ തിരിച്ചെത്തിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചത്. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാവുകയായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള തെളിവുകള്‍ പുറത്ത് വന്നത് സര്‍ക്കാരിനെ ഒന്നാകെ പ്രതിക്കൂട്ടില്‍ ആക്കിയിട്ടുമുണ്ട്.