തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിലേക്ക്. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ശിവശങ്കറിനെ തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്. ചോദ്യംചെയ്യല്‍ ഇതിനകം ഒന്നര മണിക്കൂറോണം നീണ്ടിരിക്കുകയാണ്.
അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതായ സൂചനകളാണ് പുറത്തുവരുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്യുന്നത്. ഇതിനിടെ ശിവശങ്കറിന് പ്രതികളുമായി ബന്ധമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഒന്നാം പ്രതി സരിത്തുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഫോണ്‍ രേഖകളും പുറത്തുവന്നിട്ടുണ്ട്. ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിനെ വിളിച്ചതിന്റെയും സരിത്ത് തിരികെ വിളിച്ചതിന്റെയും വിവരങ്ങളും ഫോൺ രേഖകളിലുണ്ട്.
വൈകീട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ ഏകദേശം രണ്ടുമണിക്കൂറോളമായി തുടരുകയാണ്.
നേരത്തെ കസ്റ്റംസ് ഡി.ആര്.ഐ സംഘം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ തന്നെ സംഘം ഇവിടെ നിന്ന് മടങ്ങുകയും ചെയ്തു.
ശിവശങ്കറുമായി കേസിലെ പ്രതികള്‍ക്കുണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വര്‍ണക്കടത്തുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.