ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി; ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യില്ലെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യംചെയ്യല്‍ തുടരവെയാണ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഒരു അന്വേഷണവും ആവശ്യമില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച മുഖ്യമന്ത്രി, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധം ശരിയായ വിധത്തിലുള്ളതാണോ എന്ന് ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുന്നതായും ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.
സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം നേരത്തെതന്നെ ഉയര്‍ന്നിരിരുന്നു. ഇതിനിടെ ശിവശങ്കറിന് പ്രതികളുമായി ബന്ധമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയും കസ്റ്റംസ് ചോദ്യംചെയ്യാന്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ മലക്കംമറച്ചില്‍.

ശിവശങ്കറിന് ഒന്നാം പ്രതി സരിത്തുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഫോണ്‍ രേഖകളും പുറത്തുവന്നിട്ടുണ്ട്. ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്തിനെ വിളിച്ചതിന്റെയും സരിത് തിരികെ വിളിച്ചതിന്റെയും വിവരങ്ങളും ഫോണ്‍ രേഖകളിലുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ശിവശങ്കറിനെ സംരക്ഷിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ല. അന്വേഷണത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ ഒരു പ്രശ്നം ഉണ്ടെന്നു കണ്ടാല്‍ ഒരു കാലതാമസവും ഇല്ലാതെ നടപടിയുണ്ടാകും. സംശയകരമായ സാഹചര്യം ഉണ്ടായാല്‍ സംരക്ഷിക്കുന്ന സാഹചര്യം ഉണ്ടാകില്ല, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്രതികളുമായി ഫോണ്‍ വിളികള്‍ നടന്നതായി തെളിഞ്ഞ മന്ത്രി ജലീലിനെയും മുഖ്യമന്ത്രി പിന്തുണച്ചു. എന്തും പറയാന്‍ നാക്കിന് ശക്തിയുള്ള ചിലരുണ്ട്. അവരാണ് ആരോപണത്തിനു പിന്നിലെന്ന് കെടി ജലീലുമായി സ്വപ്ന നടത്തിയ ഫോണ്‍ സംഭാഷണം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യത്തിനാണ് സംഭാഷണം ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. അതില്‍ കൂടുതലൊന്നും താന്‍ പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഎഇ കോണ്‍സുലേറ്റിലെ ഔദ്യോഗിക ആവശ്യത്തിനാണു സ്വപ്ന തന്നെ വിളിച്ചതെന്നായിരുന്നു കെ.ടി.ജലീല്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെ മന്ത്രി കെ.ടി.ജലീല്‍ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. സ്വപ്ന മന്ത്രിയെയും ഒരു തവണ വിളിച്ചു. മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തിന്റെ ഫോണിലേക്ക് ഒരു തവണ സ്വര്‍ണക്കടത്തുകേസിലെ ഒന്നാം പ്രതി സരിത്തും വിളിച്ചു.

ഏപ്രിൽ 1 മുതൽ ജൂൺ ഒന്നുവരെയുള്ള കാലയളവിലെ ഫോൺ സംഭാഷണങ്ങളാണു പുറത്തുവന്നത്. മേയ് മൂന്നിനു സരിത്ത് എംബസി ഡ്രൈവറെയും അറ്റാഷെയും വിളിച്ചു. അറ്റാഷെയുടെ മേല്‍വിലാസത്തിലാണു സ്വർണമടങ്ങിയ ബാഗേജ് വന്നത്. ജൂണിൽ മാത്രം 10 തവണ കെ.ടി.ജലീലിലും സ്വപ്നയും ഫോണിൽ സംസാരിച്ചു. മന്ത്രിയുടെ ഫോണിൽ സ്വപ്ന ജൂണിൽ വിളിച്ചത് ഒരു തവണ മാത്രമാണ്, ഒന്നാം തീയതി. 8 തവണ മന്ത്രിയാണു സ്വപ്നയെ വിളിച്ചത്.

ജൂൺ ഒന്നിന് ഉച്ചയ്ക്ക് 1.27ന് 98 സെക്കൻഡ് കെ.ടി.ജലീൽ സംസാരിച്ചു. രണ്ടിനു വൈകിട്ട് നാലിനുള്ള സംഭാഷണം 64 സെക്കൻഡ് നീണ്ടു. അഞ്ചിന് ഉച്ചയ്ക്ക് 1.59ന് 89 സെക്കൻഡ് സംസാരിച്ചു. എട്ടിന് ഉച്ചയ്ക്ക് 1.09ന് 105 സെക്കൻഡ് സംസാരിച്ചു. 16ന് വൈകിട്ട് 7.59ന് 79 സെക്കൻഡ് സംസാരിച്ചു. 23ന് രാവിലെ 10.13ന് സംസാരിച്ചു. അധികസമയം നീണ്ടില്ല. പിന്നീട് സ്വപ്ന എസ്എംഎസ് അയച്ചു. 23ന് 10.15ന് 54 സെക്കൻഡ് സംസാരിച്ചു. 24ന് രാവിലെ 9.50ന് 84 സെക്കൻഡ് സംസാരിച്ചു. 25ന് രാത്രി 10ന് വിളിച്ച് 195 സെക്കൻഡ് സംസാരിച്ചു. 26ന് ഉച്ചയ്ക്ക് 2.46ന് 83 സെക്കൻഡ് സംസാരിച്ചു.

മന്ത്രിയുടെ ഗൺമാനെ സരിത്ത് വിളിച്ചിട്ടുണ്ട്. 12 സെക്കൻഡായിരുന്നു ജൂൺ 26ലെ സംഭാഷണം. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറും സരിത്തും ഏപ്രിൽ 1 മുതൽ ജൂൺ ഒന്നുവരെ 14 തവണ ഫോണിൽ സംസാരിച്ചു. 5 മിനിറ്റു മുതൽ 1 മണിക്കൂർവരെ ദൈർഘ്യമുള്ള സംഭാഷണങ്ങളാണു നടത്തിയത്. 9 തവണ സരിത്തും 5 തവണ ശിവശങ്കറും വിളിച്ചു. ഏപ്രിൽ 20ന് സരിത് ശിവശങ്കറിനെ വിളിച്ച് 106 സെക്കൻഡ് സംസാരിച്ചു. അന്നു തന്നെ 5 തവണ വിളിച്ചു. ഇതിൽ ഒരു കോളിനു 755 സെക്കൻഡ് ദൈർഘ്യമുണ്ട്. ഏപ്രിൽ 28നു രണ്ടു തവണ വിളിച്ചു. 8ഉം 10ഉം സെക്കൻഡാണ് കോളിന്റെ ദൈർഘ്യം.

മേയ് 5, 6, തീയതികളിലും സരിത് രണ്ടു തവണ വീതം വിളിച്ചു. പിന്നീട് എട്ടിനു വിളിച്ച് 14 സെക്കൻഡ് സംസാരിച്ചു. 14നു 61 സെക്കൻഡ്, ജൂൺ 1നു 6 സെക്കൻഡ്. ഏപ്രിൽ 3ന് സ്വപ്നനയെ സരിത്ത് വിളിച്ചു. സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപിനെയും ബാങ്ക് മാനേജരെയും വിളിച്ചു. സ്വർണം പിടികൂടുമ്പോൾ സരിത് അവസാനം വിളിച്ചത് സ്വപ്ന സുരേഷിനെയാണെന്നും ഫോൺ രേഖകൾ വ്യക്തമാക്കുന്നു.