സിസിടിവി ഇടിമിന്നലില്‍ നശിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ സംഘടിതനീക്കമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരായ തെളിവുകള്‍ നശിപ്പിക്കാന്‍ സംഘടിതനീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ അന്വേഷണത്തിന് മുന്‍പേ സിസിടിവി ദൃശ്യങ്ങള്‍ അടക്കം സെക്രട്ടറിയേറ്റിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്. സെക്രട്ടേറിയറ്റിലെ സിസിടിവി ഇടിമിന്നലില്‍ നശിച്ചുവെന്ന് പറയുന്നത് ഇതിനായാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

സെക്രട്ടറിയേറ്റിലെ ഇടിമിന്നലില്‍ നശിച്ച സിസിടിവി മാറ്റണമെന്ന ഉത്തരവ് എന്‍ഐഎ പരിശോധനയ്ക്ക് മുമ്പായി സെക്രട്ടറിയേറ്റിലെ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സ്പീക്കറും മന്ത്രിയും മന്ത്രിയുടെ പിഎയും അടക്കം സര്‍ക്കാരുമായി ബന്ധപ്പെട്ട എട്ടു പേര്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ശ്രമം നടക്കുന്നത്. സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട തെളിവുകള്‍ എന്‍ഐഎ അടിയന്തരമായി കസ്റ്റഡിയില്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സെക്രട്ടറിയേറ്റില്‍ നടക്കുന്ന കരാര്‍ നിയമനങ്ങള്‍ കിന്‍ഫ്ര വഴിയാണ് നടപ്പാക്കുന്നത്. മിന്റ് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഒരു മാസം 20 ലക്ഷം രൂപയുടെ ശമ്പളം ഇവര്‍ക്ക് നല്‍കുന്നുണ്ട്. സെക്രട്ടറിയേറ്റില്‍ നടത്തിയിട്ടുള്ള മുഴുവന്‍ നിയമനങ്ങളുടെയും പട്ടിക പ്രസിദ്ധീകരിക്കാന്‍ ചീഫ് സെക്രട്ടറി തയ്യാറാകണം. ചീഫ് സെക്രട്ടറി രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

എല്ലാ ജീവനക്കാരും സര്‍ക്കാര്‍ മുദ്രകള്‍ ലെറ്റര്‍ പാഡിലും വിസിറ്റിങ് കാര്‍ഡിലുമൊക്കെ ഉപയോഗിക്കാമെന്ന് ചീഫ് സെക്രട്ടറി പത്രക്കുറിപ്പ് ഇറക്കി. അനധികൃതമായി സര്‍ക്കാര്‍ മുദ്ര ഉപയോഗിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണിത്. ആര്‍ക്കൊക്കെ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാം എന്നതിന് വ്യക്തമായ നിയമമുണ്ട്. ഇതനുസരിച്ച് ഡെപ്യൂട്ടി സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷത്തിന് മേല്‍ മുഖ്യമന്ത്രി അനാവശ്യമായി കുതിരകയറുകയാണ്. അനവസരത്തിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയുടേത്. ജനശ്രദ്ധ തിരിച്ചു വിടാന്‍ ഒരു കാര്യവുമില്ലാതെ പ്രതിപക്ഷത്തെ ആക്രമിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരെ അപമാനിക്കുന്നതിനു തുല്യമായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വിളിച്ച എല്ലാ യോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും എല്ലാ എംഎല്‍എമാരും എംപിമാരും പങ്കെടുത്തിട്ടുണ്ട്. ഒരാള്‍ പോലും വിട്ടുനിന്നിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളടക്കമുള്ളവ ചേര്‍ന്നാണ് കോവിഡ് പ്രതിരോധം നടത്തുന്നത്. നൂറ് മീറ്റര്‍ ഓടിയിട്ട് കപ്പ് കിട്ടിയെന്ന് പ്രചരിപ്പിച്ച മുഖ്യമന്ത്രി ഇപ്പോള്‍ മാരത്തണ്‍ ഓട്ടമാണ് എന്ന് തിരിച്ചറിഞ്ഞുവെന്നും കള്ളക്കടത്ത് കേസ് പുറത്തുവന്നതിന്റെ അമര്‍ഷം സര്‍ക്കാര്‍ പ്രതിപക്ഷത്തിനു നേരെ തീര്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

രോഗം ഭേദമാകുന്നവരുടെ നിരക്ക് പരിശോധിച്ചാല്‍ കേരളം ഏറ്റവും പുറകിലാണ്. 42.9 ശതമാനം ആണ് കോവിഡ് രോഗമുക്തി നിരക്ക്. ഇതനുസരിച്ച് ഇന്ത്യയില്‍ കേരളത്തിന്റെ സ്ഥാനം 26 ആണ്. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനയില്‍ കേരളം രണ്ടാം സ്ഥാനത്താണ്. തിരുവനന്തപുരം അടക്കമുള്ള പ്രദേശങ്ങളിലെ രോഗവ്യാപനം ആശങ്കാജനകമാണെന്നും ചെന്നിത്തല പറഞ്ഞു.