തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമം; എന്‍.ഐ.എയ്ക്കും കസ്റ്റംസിനും പരാതി നല്‍കി അരുണ്‍ ബാലചന്ദ്രന്‍

തിരുവനന്തപുരം: തന്നെ കുടുക്കി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍. സംഭവത്തില്‍ എന്‍.ഐ.എയ്ക്കും കസ്റ്റംസിനും അരുണ്‍ പരാതി നല്‍കി.

ഉന്നത ഉദ്യോഗസ്ഥനായ ശിവശങ്കര്‍ പറഞ്ഞതിന് അനുസരിച്ച് മാത്രമാണ് താന്‍ ഫ്ളാറ്റില്‍ മുറിയെടുത്തുകൊടുത്തതെന്ന് അരുണ്‍ പറഞ്ഞു. കുടുംബസുഹൃത്ത് എന്ന് മാത്രമാണ് ശിവശങ്കര്‍ പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാ കുറ്റവും തന്റെ മേല്‍ ചുമത്തി ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായും എന്‍.ഐ.എയ്ക്ക് നല്‍കിയ പരാതിയില്‍ അരുണ്‍ പറഞ്ഞു.
ഐടി വകുപ്പില്‍ വരുംമുമ്പ് തന്നെ ശിവശങ്കറിന് സ്വപ്നയുമായി ബന്ധമുണ്ടായിരുന്നെന്നും അരുണ്‍ ആരോപിച്ചു. യു.എ.ഇ കോണ്‍സുലേറ്റിലിക്കുമ്പോള്‍ തന്നെ സ്വപ്നയുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നു. സ്വപ്നയ്ക്ക് കാര്‍ കുറഞ്ഞവിലയില്‍ വാങ്ങുന്നതിന് തന്റെ സഹായം തേടിയെന്നും അരുണ്‍ പറഞ്ഞു.

Arun-Balachandran-and-M-Sivasankar
പ്രതികൾക്ക് റൂം ബുക്ക് ചെയ്യുന്നത് സംബന്ധിച്ച് അരുൺ ബാലചന്ദ്രനും എം.ശിവശങ്കറും തമ്മിലുള്ള വാട്സാപ് ചാറ്റ്. അരുൺ തന്നെ പുറത്തുവിട്ടത്.

ശിവശങ്കറിനെതിരെ കസ്റ്റംസിനും എന്‍.ഐയ്ക്കും അരുണ്‍ നേരിട്ട് പരാതി നല്‍കുന്നു എന്നതും കേസില്‍ ശ്രദ്ധേയമാണ്. ഈ പരാതി കൂടി മുഖവിലക്കെടുത്തായിരിക്കും കസ്റ്റംസിന്റെ തുടര്‍ അന്വേഷണങ്ങള്‍ എന്നാണ് അറിയുന്നത്. അതേസമയം ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് അരുണിന്റെ മൊഴി രേഖപ്പെടുത്തും.

അതിനിടെ സര്‍വീസ് ചട്ടലംഘനവും സ്വപ്നയുടെ നിയമനത്തിലെ ജാഗ്രതക്കുറവും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന് സൂചന. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി അടുപ്പം പുലര്‍ത്തിയതിന് മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ വിമര്‍ശനവുമായി സിപിഎമ്മും രംഗത്തിയതോടെയാണിത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ ശിവശങ്കറിന് ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് പാര്‍ട്ടിയും വിലയിരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി പാര്‍ട്ടി നേതൃത്വം സംസാരിച്ചതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എഎന്‍ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൂടി നീണ്ടതോടെ സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടി ഉടന്‍ വേണമെന്ന ആവശ്യമാണ് ഉയര്‍ന്ന്്. നടപടയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് തന്നേ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നടപടിയെടുക്കാന്‍ പര്യാപ്തമായ വസ്തുതകളില്ല എന്ന നിലപാടിലായിരുന്നു ഇതുവരെ സര്‍ക്കാര്‍.

എന്നാല്‍, ശിവശങ്കര്‍ സര്‍വീസില്‍ തുടരുന്നത് സര്‍ക്കാരിനും മുന്നണിക്കും കളങ്കമേല്‍പ്പിക്കുമെന്ന പൊതുവിലയിരുത്തലാണ് ഇപ്പോള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ളത്. മുന്നണിയില്‍ നിന്നുതന്നെ വിമര്‍ശനമുയരുന്നതിന് മുമ്പ് നടപടി സ്വീകരിക്കണമെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. അന്വേഷണം ശിവശങ്കറിലേക്ക് നീങ്ങുകയാണെങ്കില്‍ കടുത്ത തീരുമാനമുണ്ടാകുമെന്ന് എല്‍ഡിഎഫിലെ മുഖ്യ കക്ഷിയായ സിപിഐയുടെ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കാനിരിക്കെയാണ് പിണറായി സര്‍ക്കാറിന് കുരുക്കായി പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനം ഉയരുന്നത്.