സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ക്ക് മറുപടിയില്ല; ചോദ്യങ്ങള്‍ക്കു മുന്നില്‍ നിയന്ത്രണം വിട്ട് മുഖ്യമന്ത്രി


തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ തുടര്‍ച്ചയായ രണ്ടാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വപ്ന സുരേഷും ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മിഷനായി ഒരു കോടി തട്ടിയെടുത്ത സംഭവം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്. 2018ലെ പ്രളയത്തിന് ശേഷം സഹായം തേടി ദുബൈ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പോകുന്നതിന് 4 ദിവസം മുമ്പെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ ദുബൈയിലേക്ക് പോയിരുന്നു. യു.എ.ഇ റെഡ് ക്രസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത് അന്നത്തെ സന്ദര്‍ശനത്തിലാണ്. ഈ സഹായം ഉപയോഗിച്ച് തൃശൂര്‍ വടക്കാഞ്ചേരിയിലാണ് രണ്ട് ഏക്കര്‍ ഭൂമിയില്‍ 140 ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നത്. ഇതിന് കരാര്‍ നല്‍കിയതിന് സ്വകാര്യകമ്പനി നല്‍കിയ കമ്മീഷന്‍ ആണ് ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയെന്നാണ് സ്വപ്ന മൊഴി നല്‍കിയത്. മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷനിലാണ് ഈ തട്ടിപ്പ് നടന്നത്. ഇതേക്കുറിച്ചുള്ള ചോദ്യത്തെ നേരിടാതെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി തടിതപ്പാനാണ് ഇന്നും മുഖ്യമന്ത്രി ശ്രമിച്ചത്.

സ്വപ്നക്കും ശിവശങ്കറിനുമുള്ള ഭരണത്തിലെ സ്വാധീനമല്ലേ ഇതു തെളിയിക്കുന്നതെന്ന ചോദ്യം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. അവര്‍ നടത്തിയ തട്ടിപ്പിന് തനിക്കൊന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടി. കോണ്‍സുലേറ്റാണ് തട്ടിപ്പിന് ഉത്തരവാദിയെന്ന മട്ടിലായിരുന്നു പ്രതികരണം. തന്റെ സന്ദര്‍ശനത്തിനു മുമ്പ് സ്വപ്നയും ശിവശങ്കറും ദുബൈയില്‍ പോയ കാര്യം അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ട സ്വാഭാവിക ധര്‍മ്മമാണ് ഈ ചോദ്യങ്ങളെന്ന പത്രപ്രവര്‍ത്തകന്റെ വാദത്തിന് ഒരു സംഘം മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇറങ്ങിയിരിക്കുകയാണ് എന്നായിരുന്നു മറുപടി. സ്പ്രിംഗ്ളര്‍ മുതല്‍ ശിവശങ്കറിനെതിരെ ഉണ്ടായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണത്തോടും മുഖ്യമന്ത്രി അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചത്. ഒരു മാസം മുമ്പു വരെ മാധ്യമങ്ങള്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നുവെന്നും അന്ന് താങ്കള്‍ക്ക് പരാതി ഉണ്ടായിരുന്നില്ലേ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആ യശസ്സിനെ തകര്‍ക്കാനാണ് ഈ ഉപജാപങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി നല്‍കിയതുമില്ല.

SHARE