സ്വര്‍ണ ഇറക്കുമതി കുത്തനെ താഴോട്ട്; വില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 800 രൂപ വര്‍ധിച്ച് 32,800 രൂപയായി. ഒരു ഗ്രാമിന് 4100 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം ആറിന് 32,320 രൂപയില്‍ എത്തിയതായിരുന്നു ഇതിനു മുമ്പുണ്ടായ കൂടിയ വില.

അതേസമയം, സ്വര്‍ണ്ണ ഇറക്കുമതി ആറു വര്‍ഷത്തെ താഴ്ന്ന നിരക്കിലാണ്. സ്വര്‍ണ ഉപഭോഗം രാജ്യത്ത് ഏറ്റവും കുറഞ്ഞ നിലകളില്‍ ഒന്നിലേക്കെത്തിയിരിക്കുന്നു. ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു മാര്‍ച്ചിലെ ഇറക്കുമതി. കൊറോണ പ്രതിസന്ധി തന്നെയാണ് പ്രധാനമായും സ്വര്‍ണ ഉപഭോഗത്തെ ബാധിച്ചത്. 73 ശതമാനത്തില്‍ അധികമാണ് മാര്‍ച്ചില്‍ സ്വര്‍ണ ഇറക്കുമതി ഇടിഞ്ഞിരിയ്ക്കുന്നത്.

25 ടണ്‍ സ്വര്‍ണം മാത്രമാണ് കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 93.24 ടണ്‍ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 63 ശതമാനമാണ് ഇടിവ്. 122 കോടി ഡോളറിന്റെ ഇറക്കുമതിയാണ് കുറഞ്ഞിരിയ്ക്കുന്നത്.

SHARE