കോഴിക്കോട്: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില എക്കാലത്തെയും ഉയരത്തില്‍. പവന് 34,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,300 രൂപ. മെയ് ഒന്നിലെ വിലയായ 33,400 രൂപയില്‍നിന്ന് 15 ദിവസംകൊണ്ട് വര്‍ധിച്ചത് 1000 രൂപയാണ്.
ഈ വര്‍ഷം തുടക്കത്തില്‍ 30,400 രൂപയ്ക്ക് ആരംഭിച്ച വ്യാപാരമാണ് ഇപ്പോള്‍ മുപ്പത്തി അയ്യായിരത്തിലേക്ക് അടുക്കുന്നത്. സ്വര്‍ണത്തിന് പുറമേ, വെള്ളി വിലയിലും കുതിപ്പുണ്ടായിട്ടുണ്ട്. ലോക്ക്ഡൗണ്‍ മൂലം വിപണി അടച്ചു കിടന്നിട്ടും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ പണമിറക്കുകാണ് നിക്ഷേപകര്‍. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,730.56 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. മൂന്നാഴ്ചത്തെ ഏറ്റവും വലിയ വിലയാണിത്.
ദേശീയ വിപണിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില കൂടുന്നത്. എംസിഎക്സില്‍ ജൂണിലെ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 46,800 രൂപ നിലവാരത്തിലെത്തി.
വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവില കുതിക്കാനിടയാക്കയിത്. യുഎസിനും ചൈനയ്ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന വ്യാപാര സമ്മര്‍ദവും മഞ്ഞലോഹത്തിന്റെ ഡിമാന്റുകൂട്ടി.
അതിനിടെ, ലോക്ക്ഡൗണ്‍ മൂലം കേരളത്തിലെ സ്വര്‍ണ്ണക്കടകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. അതു കൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്ക് കടകള്‍ വഴി ഇപ്പോള്‍ ഇടപാട് നടത്താനാകില്ല.