കുതിപ്പു തന്നെ; ഒരു പവന്‍ സ്വര്‍ണത്തിന് വില 42,000 രൂപ!

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കൂടി. വെള്ളിയാഴ്ച പവന് 480 രൂപ കൂടി 42,000 രൂപയിലെത്തി. വ്യാഴാഴ്ച രണ്ടുതവണ വിലകൂടി 41,520 രൂപയായിരുന്നു. 5250 രൂപയാണ് ഗ്രാമിന്റെ വില.

ഇതോടെ ഓഗസ്റ്റില്‍മാത്രം പവന് 1840 രൂപയാണ് വര്‍ദ്ധിച്ചത്. കൂടി. ദേശീയ വിപണിയില്‍ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വര്‍ധനയാണുണ്ടായത്. 10ഗ്രാം (24കാരറ്റ്) സ്വര്‍ണത്തിന്റെ വില 56,143 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32 ഡോളറിലെത്തി.

ഏഴു മാസത്തിനിടെ സ്വര്‍ണത്തിന് പതിമൂവ്വായിരത്തോളം രൂപയാണ് വര്‍ദ്ധിച്ചത്. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കളം മാറ്റുന്ന സാഹചര്യത്തില്‍ വില ഇനിയും വര്‍ദ്ധിക്കുമെന്ന് തന്നെയാണ് വിദഗ്ദ്ധര്‍ പറയുന്നത്.

2008ലാണ് സ്വര്‍ണവില പതിനായിരത്തിലെത്തുന്നത്. 2011ല്‍ 20000 രൂപയായി. 2019ല്‍ 25,000 രപയും പിന്നിട്ടു. 2020 ജനുവരി ആറിന് വില മുപ്പതിനായിരത്തിലെത്തി. ജൂലൈ 31ന് നാല്‍പ്പതിനായിരവും. ജി.എസ്.ടി, കേന്ദ്ര-സംസ്ഥാന സെസ്സുകള്‍, പണിക്കൂലി എന്നിവയെല്ലാം ചേരുന്നതോടെ ഒരുപവന് ഏകദേശം 45,000 രൂപ നല്‍കേണ്ടി വരും. 12.5 ശതമാനമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം. മൂന്ന് ശതമാനം ജി.എ്സ.ടിയും.

കോവിഡ് മഹാമാരി മൂലം മറ്റു നിക്ഷേപയിടങ്ങള്‍ ദുര്‍ബലമായതോടെയാണ് സ്വര്‍ണം കരുത്തു നേടിയത്. ഡോളര്‍ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ തകര്‍ച്ചയും ഗുണകരമായി.

SHARE