ഇടിവിന് പിന്നാലെ തിരിച്ചു കയറി സ്വര്‍ണവില

കൊച്ചി: മൂന്ന് ദിവസത്തിനിടെ 2800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 280 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 39,480 രൂപയും ഒരു ഗ്രാമിന് 4935 രൂപയുമാണ് വില.
റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണവില മുന്നേറുന്നതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയത്. റഷ്യ വാക്‌സിന്‍ വികസിപ്പിച്ചത് അടക്കമുളള ആഗോള വിഷയങ്ങളെ തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വിറ്റതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്നലെ മാത്രം ഒറ്റയടിക്ക് പവന് 1600 രൂപയാണ് താഴ്ന്നത്. പുതിയ ഉയരമായ 42,000 കുറിച്ചശേഷമാണ് സ്വര്‍ണവില താഴോട്ട് പോയത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചത്. ഒരു ഘട്ടത്തില്‍ ഒരു മാസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ആറായിരം രൂപയിലധികം വില വര്‍ധിച്ചിരുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തിയതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

SHARE