രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: ഡോളറുമായുള്ള ഇടപാടില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ സ്വര്‍ണ വിലയില്‍ ഉയര്‍ന്നു. വരും ദിവസങ്ങളിലും ഇതേ പ്രവണത തുടരുന്നത് റെക്കോര്‍ഡ് മറികടക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കയിലാണു വിപണി. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് സ്വര്‍ണവില 3590 രൂപയായി. ഒരു പവന് 120 രൂപ വര്‍ധിച്ച് 28,720 രൂപയുമായി.

രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1500 ഡോളര്‍ കടന്ന് 1504ല്‍ എത്തി. രൂപയുടെ വിനിമയനിരക്ക് 71.55ല്‍ എത്തിയിരുന്നെങ്കിലും ഇപ്പോള്‍ 71.24ല്‍ ആണ് വ്യാപാരം. സ്വര്‍ണം ഗ്രാമിന് 3640 രൂപയും പവന് 29,120 രൂപയുമാണ് സര്‍വകാല റെക്കോര്‍ഡ്. സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയശേഷം കഴിഞ്ഞ രണ്ടുമാസമായി ചെറിയ മാറ്റങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.

രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില 1550 ഡോളര്‍ എത്തിയപ്പോഴാണ് കേരളത്തില്‍ ഗ്രാമിന് 3640 രൂപയായത്. അതേസമയം ഇത് 100 ഡോളര്‍ കുറഞ്ഞ് 1450 ഡോളറില്‍ എത്തിയപ്പോള്‍ 3540 രൂപവരെ മാത്രമേ ഇവിടെ വില കുറഞ്ഞിട്ടുള്ളൂ. അതായത് ഗ്രാമിന് 100 രൂപ മാത്രം, പവന് 800 രൂപയുടെ കുറവ്. നമ്മുടെ സാമ്പത്തിക, വ്യാപാര മാന്ദ്യം വഴി രൂപ കൂടുതല്‍ ദുര്‍ബലമായതാണ് ഇതിനു കാരണം എന്നാണു വിലയിരുത്തല്‍.

ദേശീയ ബുള്ള്യന്‍ വിപണിയിലും സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ട്. 10 ഗ്രാമിന് ഇന്ന് 116 രൂപ വര്‍ധിച്ച് 39,630 രൂപയായി. കഴിഞ്ഞ ദിവസം ഇത് 39,514 രൂപയായിരുന്നു. വെള്ളിക്ക് കിലോഗ്രാമിന് 454 രൂപ വര്‍ധിച്ച് 48,060 രൂപയുമായി. ക്രിസ്മസ് സീസണോട് അനുബന്ധിച്ചുള്ള വര്‍ധനയായി വിലയിരുത്താമെങ്കിലും വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കാമെന്നാണു കരുതുന്നത്.

SHARE