എന്റെ പൊന്നേ, ഏഴു മാസത്തിനിടെ സ്വര്‍ണത്തിന് കൂടിയത് 11,000 രൂപ!

കൊച്ചി: സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ വര്‍ദ്ധിച്ചപ്പോള്‍ മഞ്ഞലോഹത്തിന് റെക്കോര്‍ഡ് വിലവര്‍ദ്ധന. ഒരു പവന് നാല്‍പ്പതിനായിരം രൂപയും ഗ്രാമിന് 5020 രൂപയുമാണ് ഇപ്പോഴത്തെ വില. ഏഴു മാസത്തിനിടെ പതിനൊന്നായിരം രൂപയുടെ വര്‍ദ്ധനയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

കഴിഞ്ഞയാഴ്ച മാത്രം സ്വര്‍ണത്തിന് 1400 രൂപയാണ് വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ 1975.87 ഡോളറിലാണ് ട്രായ് ഔണ്‍സ് വില എത്തിയിരിക്കുന്നത്. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കളം മാറ്റുന്ന സാഹചര്യത്തില്‍ വില ഇനിയും വര്‍ദ്ധിക്കുമെന്ന് തന്നെയാണ് വിദഗ്ദ്ധര്‍ പറയുന്നത്.

സംസ്ഥാനത്ത് ജൂലൈ 22നാണ് സ്വര്‍ണം പവന് 3700 രൂപ കടന്നത്. 2020 ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു വില. ജൂലൈയില്‍ നിന്ന് രണ്ടു മാസം കഴിയുമ്പോള്‍ 5,500 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു വര്‍ഷത്തിനിടെ ഏകദേശം പതിനയ്യായിരം രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.

2008ലാണ് സ്വര്‍ണവില പതിനായിരത്തിലെത്തുന്നത്. 2011ല്‍ 20000 രൂപയായി. 2019ല്‍ 25,000 രപയും പിന്നിട്ടു. 2020 ജനുവരി ആറിന് വില മുപ്പതിനായിരത്തിലെത്തി. ജൂലൈ 31ന് നാല്‍പ്പതിനായിരവും. ജി.എസ്.ടി, കേന്ദ്ര-സംസ്ഥാന സെസ്സുകള്‍, പണിക്കൂലി എന്നിവയെല്ലാം ചേരുന്നതോടെ ഒരുപവന് ഏകദേശം 45,000 രൂപ നല്‍കേണ്ടി വരും. 12.5 ശതമാനമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം. മൂന്ന് ശതമാനം ജി.എ്‌സ.ടിയും.

കോവിഡ് മഹാമാരി മൂലം മറ്റു നിക്ഷേപയിടങ്ങള്‍ ദുര്‍ബലമായതോടെയാണ് സ്വര്‍ണം കരുത്തു നേടിയത്. ഡോളര്‍ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ തകര്‍ച്ചയും ഗുണകരമായി.

SHARE