സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4475 രൂപയായി.

ശനിയാഴ്ച രണ്ടു തവണകളിലായി പവന് 400 രൂപ വര്‍ധിച്ച് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. 35,920 രൂപയിലാണ് അന്ന് വ്യാപാരം അവസാനിച്ചത്. തുടര്‍ന്നുളള രണ്ടു ദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടായില്ല. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുതല്‍ ഉയരങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് ഇന്ന് വിലയില്‍ നേരിയ ഇടിവ് ഉണ്ടായത്. എങ്കിലും ഈ ഇടിവ് താത്കാലികം മാത്രമാണെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ഇന്നലെ വരെ മൂന്നാഴ്ചക്കിടെ 1760 രൂപയാണ് ഉയര്‍ന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്.

SHARE