റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി: തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില.കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. ഒരുവര്‍ഷത്തിനിടെ പവന്‍വലിയില്‍ 14,240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പണിക്കൂലി(മിനിമം 5%) ജിഎസ്ടി, സെസ് എന്നിവ ഉള്‍പ്പടെ ഒരുപവന്‍ സ്വര്‍ണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനല്‍കേണ്ടിവരും. കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് വിലവര്‍ധനവിനുപിന്നില്‍. കോവിഡിനെ പിടിച്ചുകെട്ടാന്‍ വൈകുന്നിടത്തോളം വിലയിലെ വര്‍ധന തുടരാനാണ് സാധ്യത.

പവന്‍വില 50,000അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാല്‍ വിലകുറയാനും അത് ഇടയാക്കിയേക്കും.ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 53,200 രൂപയായി ഉയര്‍ന്നു.

SHARE