സ്വര്‍ണവില കുതിച്ചുയരുന്നു; പവന് 38,600 രൂപ

കൊച്ചി: ആഗോള വിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരം കുറിച്ചതോടെ ആഭ്യന്തര വിപണിയിലും സ്വര്‍ണവില വീണ്ടും കുതിച്ചു. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് കുറിക്കുന്നത്. ഇതോടെ ഈവര്‍ഷം ഇതുവരെ പവന്റെ വിലിയലുണ്ടായ വര്‍ധന 9,600 രൂപയാണ്.

യുഎസ്-ചൈന തര്‍ക്കം മുറുകുന്നതും ഡോളറിന്റെ മൂല്യമിടിവുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ വര്‍ധനയ്ക്കുപിന്നില്‍. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഉത്തേജനപാക്കേജുകള്‍ വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടി.

ആഗോള വിപണിയില്‍ 2011 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില ഇതോടെ ഇതാദ്യമായി മറികടന്നു. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1.5ശതമാനം ഉയര്‍ന്ന് 1,928 ഡോളറിലെത്തി. 1,920.30 ഡോളറായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്നവില.

ദേശീയ വിപണിയില്‍ പത്തുഗ്രാം തനിത്തങ്കത്തിന്റെ വില 800 രൂപ വര്‍ധിച്ച് 51,833 രൂപയായി. വെള്ളിയുടെ വിലയിലും കുതിപ്പുണ്ടായിട്ടുണ്ട്. എംസിഎക്സ് വെള്ളി ഫ്യൂച്ചേഴ്സ് വില 5.5ശമതാനം ഉയര്‍ന്ന് കിലോഗ്രാമിന് 64,617 രൂപയായി.

പണിക്കൂലി, ജിഎസ്ടി, സെസ് എന്നിവകൂടി ചേരുന്നതോടെ സംസ്ഥാനത്തെ ജ്വ്ല്ലറികളില്‍നിന്ന് ഒരുപവന്‍ സ്വര്‍ണംവാങ്ങാന്‍ 43,000 രൂപയോളം നല്‍കേണ്ടിവരും.

SHARE