കാര്‍ഷിക വായ്പകള്‍ കര്‍ശനമാക്കുന്നു; സ്വര്‍ണ പണയ വായ്പ ഇനി എളുപ്പമാകില്ല

തിരുവനന്തപുരം: കൃഷി ആവശ്യത്തിന് നല്‍കുന്ന ബാങ്ക് വായ്പകള്‍ കര്‍ശനമാക്കുന്നു. സ്വര്‍ണം ഈട് വെച്ചുള്ള വായ്പകളാണ് കര്‍ശനമാക്കുന്നത്. മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

കൃഷിക്കു വേണ്ടിയുള്ള സ്വര്‍ണപ്പണയ വായ്പ ഇനി മുതല്‍ കൃഷി ഓഫീസറുടെ സാക്ഷിപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം.

കൃഷിക്കാര്‍ക്കു ലഭിക്കേണ്ട പലിശയിളവ് അനര്‍ഹര്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. നാലു ശതമാനം പലിശക്ക് വായ്പയെടുത്ത ശേഷം ആ തുക എട്ടു ശതമാനം പലിശക്ക് നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കര്‍ഷകര്‍ക്കുള്ള എല്ലാ വായ്പകളും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വായ്പകളാക്കി മാറ്റാനാണ് നീക്കം.

കൃഷി വായ്പകള്‍ പുനഃക്രമീകരിക്കുന്നിന് അപേക്ഷകള്‍ 15നു മുമ്പ് നേരിട്ട് ബാങ്കുകളില്‍ നല്‍കണം. കഴിഞ്ഞ വര്‍ഷം വിവിധ ബാങ്കുകള്‍ നല്‍കിയ ഹ്രസ്വകാല കൃഷി വായ്പ 40,409 കോടി രൂപയാണ്. അഞ്ചു വര്‍ഷം വരെയാണ് നിലവിലെ വായ്പകള്‍ സാധാരണ പലിശ നിരക്കില്‍ പുനഃക്രമീകരിച്ച് നല്‍കുക.

SHARE