ആര്‍ക്കും വേണ്ടാതെ സ്വര്‍ണം; വിപണിയില്‍ മുപ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തിരിച്ചടി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നടുവൊടിഞ്ഞ് സ്വര്‍ണ വിപണി. മുന്‍ വര്‍ഷത്തേതില്‍ നിന്ന് അമ്പത് ശതമാനം കുറവാണ് സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ ഉണ്ടായിട്ടുള്ളത്. മൂന്ന് ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ വിപണി നേരിട്ടു കൊണ്ടിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന വിവാഹ സീസണിന്റെ വേളയിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടുന്നത്. സ്വര്‍ണ്ണക്കടകള്‍ അടച്ചിടേണ്ടി വരികയും ചെയ്തു. അവശ്യവസ്തുക്കളില്‍പ്പെടാത്തതിനാല്‍ രണ്ടാംഘട്ടത്തില്‍പ്പെട്ട ഇളവുകളുടെ പട്ടികയില്‍ സ്വര്‍ണ വ്യാപാര മേഖലയില്ല.

‘ ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതേയില്ല. ലോക്ക് ഡൗണില്‍ വില്‍പ്പന പൂജ്യമാണ്’ – ആള്‍ ഇന്ത്യാ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍. അനന്തപദ്മനാഭന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 2020ല്‍ ഇന്ത്യയുടെ സ്വര്‍ണ ഉപഭോഗം 350-400 ടണ്ണാണ്. 2019ല്‍ ഇത് 690.4 ടണ്ണായിരുന്നു. 1991ന് ശേഷമുള്ള ഏറ്റവും ചെറിയ ഉപഭോഗ നിരക്കാണിത്- അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോഗ വിപണിയാണ് ഇന്ത്യ.

അതിനിടെ, ലോക്ക്ഡൗണിലും സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടായിട്ടുണ്ട്. 33,400 രൂപയാണ് കേരളത്തില്‍ ഒരു പവന്റെ വില. ഏപ്രില്‍ 16ലെ 33,600ല്‍ നിന്നാണ് അത് ഇരുനൂറു രൂപ കുറഞ്ഞ് 33,400ലെത്തിയത്. ഈ മാസം ആരംഭിക്കുമ്പോള്‍ 31,600 രൂപയായിരുന്നു ഒരു പവന്റെ വില. ഏകദേശം രണ്ടായിരം രൂപയുടെ വര്‍ദ്ധനയാണ് രണ്ടാഴ്ചക്കിടെ ഉണ്ടായത്.