സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി നടന്‍ ഗോകുല്‍ സുരേഷ്‌ഗോപി

സിനിമാമേഖലയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്ന് നടനും സുരേഷ്‌ഗോപിയുടെ മകനുമായ ഗോകുല്‍സുരേഷ് ഗോപി. ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോള്‍ തന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നുവെന്ന് ഗോകുല്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘ ഇര’ യെക്കുറിച്ച് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുലിന്റെ വെളിപ്പെടുത്തല്‍.

ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോള്‍ തന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നു. നിര്‍മ്മാതാക്കള്‍ക്ക് തന്നെത്തേടി വരാന്‍ മടിയായിരുന്നു. പക്ഷേ തനിക്കതിലൊന്നും ഒരു പ്രശ്‌നം തോന്നിയിട്ടില്ല. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുള്ളയാള്‍ക്ക് ഉയര്‍ന്നുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ഗോകുല്‍ പറഞ്ഞു.

ഓരോ സിനിമ ചെയ്യുമ്പോഴും അതില്‍ പുതിയത് എന്തെങ്കിലും കൊണ്ടുവാരന്‍ ശ്രമിക്കാറുണ്ട്. വിചാരിച്ചതുപോലെ അല്ലെന്ന് കണ്ടപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാവാറായ ഒരു സിനിമ പാതിവഴിയില്‍ ഉപേക്ഷിച്ച് പോന്നിട്ടുണ്ട്. സ്വന്തം വഴികളിലൂടെ തന്നെ സിനിമ നിലനില്‍ക്കണമെന്നാണ് താന്‍ വിചാരിക്കുന്നത്. തന്റെ സിനിമകളുടെ മാര്‍ക്കറ്റിങ്ങിന്റേയോ പ്രമോഷന്റേയോ കാര്യത്തില്‍ അച്ഛന്‍ ഇടപെടാറില്ലെന്നും തന്റെ പുതിയ ചിത്രമായ ഇര അച്ഛന്‍ കണ്ടിട്ടില്ലെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ ഇരയാണ് ഗോകുലിന്റെ ഏറ്റവും പുതിയ ചിത്രം. കേരളത്തിലെ വിവാദമായ സംഭവത്തിന് സിനിമയോട് സാദൃശ്യമുണ്ടെന്ന് വാദങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമ പുറത്തിറങ്ങിയതിനു ശേഷമാണ് ഇപ്പോള്‍ തന്നെ ഒതുക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്ന വെളിപ്പെടുത്തലുമായി ഗോകുല്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് ഗോകുല്‍ വ്യക്തമാക്കിയിട്ടില്ല.