ഐ ലീഗ്: കരുത്തരായ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം

 

കോഴിക്കോട്: ഐ ലീഗിലെ ആവേശ പോരില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈസ്റ്റ് ബംഗാളിനെ കേരളം മുട്ടകുത്തിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയില്‍ ഗോകുലം രണ്ട് ഗോളുകള്‍ മടക്കുകയായിരുന്നു.

 

കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് കട്‌സുമി യുസ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോകുലം തിരിച്ചടിച്ച് ഒപ്പമെത്തി. 51-ാം മിനുട്ടില്‍ കിവി സിമാമിയാണ് ബംഗാള്‍ വല കുലുക്കി ഗോകുലത്തെ കളിയിലേക്ക് മടക്കിക്കൊണ്ടു വന്നത്. പിന്നീട് വിജയ ഗോളിനായി പരിശ്രമിച്ച ഗോകുലത്തിനായി 87ാം മിനുട്ടില്‍ ഹെന്റിയും സല്‍മാനും അര്‍ജുനും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഈസ്റ്റ് ബംഗാള്‍ താരം സലാം രഞ്ജന്റെ കാലില്‍ തട്ടി വിജയ ഗോള്‍ പിറക്കുകയായിരുന്നു.

 

നേരത്തെ കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ബംഗാള്‍ ടീമിനെ ഗോകുലം പരാജയപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഐ ലീഗ് കിരീടം ലക്ഷ്യമിടുന്ന ഈസ്റ്റ് ബംഗാളിന് ഇന്നു വിജയം അനിവാര്യമായിരുന്നു. 15 മല്‍സരങ്ങളില്‍നിന്ന് 26 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍. 16 കളികളില്‍ നിന്നായി 31 പോയിന്റുള്ള നെരോക്ക എഫ്.സിയാണ് തലപ്പത്ത്. 16 പോയന്റുള്ള ഗോകുലം എട്ടാം സ്ഥാനത്താണ്