ആന്ധ്രാ, തെലുങ്കാന സംസ്ഥാനങ്ങളിലും വെള്ളപ്പൊക്ക ഭീഷണി

ഹൈദരാബാദ്: കൃഷ്ണ ഗോദാവരി നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു തുടങ്ങിയതോടെ ആന്ധ്രാപ്രദേശിന്റെയും തെലുങ്കാനയുടേയും തീരജില്ലകളില്‍ പ്രളയ ഭീഷണി. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെങ്കിലും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മോണിട്ടറിങ് കമ്മിറ്റിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുമെന്നും കുര്‍ണൂല്‍ ജില്ലാ കലക്ടര്‍ എസ് സത്യനാരായണ പറഞ്ഞു.
ശ്രീശൈലം അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 886 അടിയില്‍ എത്തിയിട്ടുണ്ട്. അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തിപ്പെടുകയാണെങ്കില്‍ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്ന് അധികൃതര്‍അറിയിച്ചു. ഡാം തുറന്നാല്‍ നാഗാര്‍ജുന സാഗര്‍ അണക്കെട്ടിലേക്കാണ് ഇവിടെനിന്നുള്ള വെള്ളം ഒഴുകിയെത്തുക. ഇതിനിടയിലുള്ള പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെലുങ്കാനയിലെ ഭദ്രാചലത്തും ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലും ഗോദാവരി നദിയുടെ തീരപ്രദേശങ്ങളില്‍ കഴിയുന്ന 200ലധികം കുടുംബങ്ങളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.