ആട്ടിടയന് കോവിഡ്; 47 ആടുകളെ ക്വാറന്റെയ്‌നിലാക്കി

ബെംഗളൂരു: ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതോടെ 47 ആടുകളെ ക്വാറന്റെയ്‌നിലാക്കി. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ ഗോദ്‌കെറെ ഗ്രാമത്തിലാണ് സംഭവം. ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആട്ടിടയന്‍ വളര്‍ത്തുന്ന നാല് ആടുകള്‍ ചത്തതോടെയാണ് സ്ഥിതി രൂക്ഷമായത്. ആരോഗ്യ, വെറ്ററിനെറി അധികൃതര്‍ ഉടന്‍ ഗ്രാമത്തിലെത്തി ആടുകളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിന് ശേഷമാണ് 47 ആടുകളെ ഗ്രാമത്തിന് പുറത്ത് ക്വാറന്റെയ്‌നിലാക്കിയത്. അധികൃതര്‍ എത്തിയതോടെ ഗ്രാമവാസികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.

ആടുകളെ പിടിച്ചുകൊണ്ടുപോകാനാണ് അധികൃതര്‍ എത്തിയതെന്നായിരുന്നു ഗ്രാമവാസികള്‍ കരുതിയത്. എന്നാല്‍, ആടുകള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നുവെന്നും പരിശോധന നടത്തണമെന്നുമുള്ള കാര്യങ്ങള്‍ അറിയിച്ച് ഗ്രാമവാസികളെ അധികൃതര്‍ ശാന്തരാക്കി. വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ചത്ത ആടുകളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ആടുകളില്‍ നിന്ന് ശേഖരിച്ച സ്രവ സാമ്പിളുകള്‍ ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനെറി ബയോളജിക്കല്‍സില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

എന്നാല്‍ മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് വൈറസ് പടരുന്നതായി ഇതുവരെ ഒരു രേഖയുമില്ലെന്ന് ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനെറി ബയോളജിക്കല്‍സ് ഡയറക്ടര്‍ ഡോ എസ് എം ബൈര്‍ഗൗഡ പറഞ്ഞു.

SHARE