ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

റാഞ്ചി: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട ആക്രമണം. ജാര്‍ഖണ്ഡില്‍ ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം രണ്ട് യുവാക്കളെ അതിക്രൂരമായി മര്‍ദിച്ചു. ഗുരുതരപരിക്കേറ്റ ഒരാള്‍ മരിച്ചു. രണ്ടാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളും അത്യാസന്ന നിലയിലാണ്.

ദുംകയിലെ കതികുണ്ട് ഗ്രാമത്തിലായിരുന്നു സംഭവം. ശുഭന്‍ അന്‍സാരിയെന്ന (26) യുവാവാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് ദുലാല്‍ (22) പരിക്കുകളോടെ ആശുപത്രിയിലാണ്. ആടുകളുമായി യുവാക്കളെ ഗ്രാമത്തിനു വെളിയില്‍ കണ്ടു എന്നാരോപിച്ചാണ് കതികുണ്ട് ഗ്രാമവാസികള്‍ ഇവരെ മര്‍ദിച്ചത്.

ഗ്രാമവാസികളില്‍ ചിലര്‍ ഇവരെ വളയുകയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും അതിക്രൂര മര്‍ദനത്തെ തുടര്‍ന്ന് ഇവര്‍ അവശനിലയിലായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയില്‍ അന്‍സാരി മരണത്തിന് കീഴടങ്ങുകയായിരുന്നു.

SHARE