കാന്‍പുര്‍: കോവിഡ് രോഗവ്യാപനത്തിനെതിരെ രാജ്യത്ത് കടുത്ത നിയന്ത്രണ നടപടികള്‍ തുടരുന്നിടെ ഉത്തര്‍പ്രദേശില്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞ ആടും അറസ്റ്റിലായി. രോഗപ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി പല കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനിടെയാണ് മാസ്ക് ധരിക്കാതെ അലഞ്ഞുതിരിഞ്ഞ ആടിനെ യുപി പൊലീസ് ‘കയ്യോടെ പൊക്കി അകത്താക്കി’യത്. കാന്‍പുരിലെ ബേക്കണ്‍ഗഞ്ച് മേഖലയിലാണ് സംഭവം.
യോഗി സര്‍ക്കാരിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ അതിപ്പോ മനുഷ്യനായാലും മൃഗമായാലും അകത്താവും എന്ന കുറിപ്പോടുകൂടി, ആടിനെ പൊലീസുകാരെത്തി ജീപ്പില്‍ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന വിചിത്രമായ സംഭവം വിവാദമായതോടെ വീശദീരണവുമായി പൊലീസ് ഉദ്യോഗസ്ഥന് രംഗത്തെത്തി. ആടിനൊപ്പം ഉണ്ടായിരുന്ന ഒരു യുവാവ് മാസ്ക് ധരിച്ചിരുന്നില്ലെന്നും പൊലീസിനെ കണ്ടതും അയാള്‍ ഓടി രക്ഷപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ആടിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതെന്നും അന്‍വര്‍ഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ വിശദീകരണം നല്കി.
എന്നാല്‍, ആടിനെ പൊലീസ് കൊണ്ടു പോയതറിഞ്ഞ് ഉടമ സ്റ്റേഷനിലെത്തി അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ‘പ്രതിയെ’ വിട്ടു നല്കാന് പൊലീസ് തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആടിനെ റോഡില്‍ അലഞ്ഞ് തിരിയാന്‍ വിടരുതെന്ന കര്‍ശന താക്കീത് നല്‍കിയാണ് തിരികെ നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോക്ക് ഡൗണ്‍ ലംഘനം നടത്തിയത് കൊണ്ടാണ് ആടിനെ പിടികൂടിയതെന്ന് അറസ്റ്റ് ചെയ്ത സംഘത്തിലെ ഒരു പൊലീസുകാരന് സമ്മതിച്ചിരുന്നു. മാസ്ക് ധരിക്കാതെ നടന്ന ആട് ലോക്ക് ഡൗണ്‍ ലംഘനമാണ് നടത്തിയത്. ഇപ്പോള്‍ ആളുകള്‍ അവരുടെ പട്ടികള്‍ക്ക് വരെ മാസ്ക് ധരിപ്പിക്കുന്നുണ്ട്.. പിന്നെ എന്തുകൊണ്ട് ആടുകള്‍ക്ക് ധരിപ്പിച്ചൂടാ എന്ന ചോദ്യമാണ് പൊലീസ് ഉന്നയിക്കുന്നതെന്നും പരാതിയുണ്ട്.