ഗോവയില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച് ഗോവയും. സംസ്ഥാനത്ത് എന്‍.ആര്‍.സി ആവശ്യമില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്തെത്തുമ്പോള്‍ ബി.ജെ.പി മുഖ്യമന്ത്രി തന്നെ എന്‍.ആര്‍.സിക്കെതിരെ രംഗത്തുവന്നത് മോദി സര്‍ക്കാരിനേല്‍ക്കുന്ന വലിയ ആഘാതമാണ്.

പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടുള്ളവരെ നിയമം പ്രതികൂലമായി ബാധിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശക്തമായതോടെയാണ് എന്‍.ആര്‍.സിക്കെതിരെ ഗോവ മുഖ്യമന്ത്രി രംഗത്തെത്തിയത്. എന്‍.ആര്‍.സി ഗോവയില്‍ നടപ്പാക്കുമോ എന്ന് ചോദ്യത്തിന് അത് ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പോര്‍ച്ചുഗീസ് പൗരത്വമുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിലേക്ക് മാറണമെങ്കില്‍ നിലവില്‍ സംവിധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസറ്റ് നോട്ടിഫിക്കേഷന്‍ വായിച്ചതിന് ശേഷം എന്‍.ആര്‍.സിയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സി.എ.എ ഗോവ നിവാസികളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉടമകള്‍ അവരുടെ നിലവിലുള്ള പൗരത്വം ഇന്ത്യന്‍ പൗരത്വമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിനുള്ള നടപടിക്രമങ്ങള്‍ നിലവിലുണ്ട്, സാവന്ത് പറഞ്ഞു. എന്‍.ആര്‍.സിയും സി.എ.എയും നടപ്പാക്കുന്നതിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ് ഗോവ മുഖ്യമന്ത്രിയുടെ ഉറപ്പ്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ പറയുന്നത് നിയമവിരുദ്ധമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഗോവ മുഖ്യമന്ത്രിയുടെ പ്രതികരണം.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ എതിര്‍ക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഇന്നലെ രാംലീല മൈതാനത്ത് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പൗരത്വ നിയമം പീഡിതരുടെ ഉന്നമനത്തിനായാണ്. ജനങ്ങളുടെ നല്ല ഭാവിക്കായാണ് പൗരത്വനിയമ ഭേദഗതി. ഇത് എല്ലാവരുടെയും വിശ്വാസത്തിനായി ശ്രമിക്കുന്ന സര്‍ക്കാരാണ്. പ്രതിപക്ഷം സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നു. നുണകളില്‍ വീണുപോകരുതെന്നും പറഞ്ഞു.

സര്‍ക്കാരിന് ആരോടും പക്ഷപാതമില്ല. പ്രതിപക്ഷം പാര്‍ലമെന്റിനെ ബഹുമാനിക്കണം. വികസന പദ്ധതികളില്‍ ആരോടെങ്കിലും മതം ചോദിച്ചിട്ടുണ്ടോ?. വികസന പദ്ധതി നടപ്പാക്കിയപ്പോള്‍ ഹിന്ദുവാണോ മുസ്‌ലിം ആണോ എന്നത് ആരെങ്കിലും ചോദിച്ചുവോയെന്നും മോദി പ്രസംഗത്തില്‍ ചോദിച്ചു. ആരുടെയും ഒരവകാശവും എടുത്തുകളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിന്റെ പേരില്‍ പലരും മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കോളനികളിലെ ജനങ്ങള്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കിയപ്പോള്‍ ആരെങ്കിലും അവരോട് മതം ചോദിച്ചോ? രേഖകളുടെ പേര് പറഞ്ഞു മുസ്ലിങ്ങളെ ഭീതിപ്പെടുത്തുന്നത് എന്തിനാണെന്നും പ്രധാനമന്ത്രി ചോദിച്ചു. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തന്റെ കോലം കത്തിച്ചോളുവെന്നും ദരിദ്രന്റെ മുതല്‍ കത്തിക്കരുത്. ബിജെപി സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ ‘നിങ്ങള്‍ അമ്പലത്തില്‍ പോകുന്നവരാണോ പള്ളിയില്‍ പോകുന്നവരാണോ’ എന്ന് ചോദിച്ചില്ലെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഈ രാജ്യത്തിന്റെ മക്കളാണ്. വിദ്യാഭ്യാസമുള്ള മുസ്ലിം സമൂഹം പൗരത്വനിയമം വായിച്ചു നോക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുസ്ലിങ്ങളെ പ്രകോപിപ്പിക്കാന്‍ കോണ്‍ഗ്രസും നഗര മാവോയിസ്റ്റുകളും ശ്രമിക്കുന്നു. അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. നരേന്ദ്ര മോദി ആരുടെയും ഒരു അവകാശവും എടുത്തു കളയാന്‍ പോകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരത്വനിയമം മൂലം ഒറ്റ ഇന്ത്യക്കാരനും പൗരത്വം നഷ്ടമാകില്ല. പൗരത്വ നിയമഭേദഗതിയോ എന്‍ ആര്‍ സിയോ ഇന്ത്യന്‍ മുസ്ലിങ്ങളെ ബാധിക്കില്ല. അഭയാര്‍ഥികളായി എത്തുന്ന ന്യൂനപക്ഷക്കാരെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടത് മന്‍മോഹന്‍ സിംഗ് ആണ്. ഉന്നതരായ നേതാക്കള്‍ പോലും വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്ക് കഴിയില്ലെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

SHARE