ട്രെയിനിടിച്ച് പശു ചത്തു; ലോക്കോ പൈലറ്റിന് ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം

അഹമ്മദാബാദ്: ട്രെയിനിന് മുന്നില്‍ ചാടിയ പശുവിനെ ട്രെയിന്‍ ഇടിച്ചതിന് ലോക്കോ പൈലറ്റിന് ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ഗ്വാളിയര്‍-അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റായ ജി.എ ജ്വാലക്കാണ് മര്‍ദനമേറ്റത്. പതാനിലെ സിദ്ധ്പൂര്‍ ജംഗ്ഷന് സമീപത്തൂടെ ട്രെയിന്‍ കടന്നുപോകവേ പശു ട്രാക്കിലേക്ക് ചാടുകയായിരുന്നു. പശുവിന്റെ ജഡം ട്രാക്കില്‍ നിന്നും മാറ്റാന്‍ പറയുന്നതിനിടെ ബിപന്‍ സിങ് രജ്പുത് എന്ന യാത്രക്കാരനെത്തി ലോക്കോ പൈലറ്റിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് 150 പേരടങ്ങുന്ന ഗോരക്ഷക സംഘം സ്ഥലത്തെത്തി ലോക്കോ പൈലറ്റിനെ ഭീഷണിപ്പെടുത്തി.

ട്രെയിന്‍ യാത്ര പുനരാരംഭിച്ച ശേഷം മറ്റ് രണ്ട് ജംഗ്ഷനുകളില്‍ വെച്ചും ജ്വാലയെ ആക്രമിച്ചു. മെഹ്‌സാനയില്‍ വെച്ചും ഇയാള്‍ ആക്രമണം തുടര്‍ന്നതോടെ ലോക്കോ പൈലറ്റ് പോലീസ് സഹായം തേടി. തുടര്‍ന്ന് ഗുജറാത്ത് റെയില്‍വേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പശുവിന്റെ ജഡം നീക്കം ചെയ്യാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതാണ് യാത്രക്കാരനെ പ്രകോപിതനാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ജഡം നീക്കം ചെയ്യുകയാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ അയാള്‍ അവരോട് കോപിക്കുകയും ലോക്കോ പൈലറ്റിനെ ആക്രമിക്കുകയുമായിരുന്നു.

SHARE