വീടുകയറി പ്രചാരണത്തിനെത്തിയ അമിത് ഷായ്ക്കു നേരെ ‘ഗോ ബാക്ക്’ വിളി; നാടകീയ രംഗങ്ങള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയിലെ കോളനിയില്‍ നാട്ടുകാരുടെ പ്രതിഷേധം. നിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍. ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ചണ്ഡിബസാറിന് സമീപം ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അമിത് ഷായ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നു. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണത്തിനെത്തിയപ്പോഴാണ് പെണ്‍കുട്ടികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യം മുഴക്കിയത്.

അമിത് ഷാ വരുന്ന വഴിയിലേക്ക് നീണ്ട വെള്ളത്തുണിയില്‍ ചായം കൊണ്ട് ഗോബാക്ക് എഴുതിയ വലിയ ബാനറുകളാക്കി അപ്പാര്‍ട്ടുമെന്റുകള്‍ക്ക് മുകളില്‍ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ പ്രതിഷേധം. തുടര്‍ന്ന് കോളനിവാസികളില്‍ അമിത് ഷായ്ക്ക് ഗോബാക്ക് മുദ്രാവാക്യവും ഉയര്‍ത്തി.

ഷായ്ക്കു നേരെ ഗോ ബാക്ക് വിളിച്ചവരില്‍ ഒരാള്‍ അഭിഭാഷകയും മറ്റൊരാള്‍ ബിരുദ വിദ്യാര്‍ഥിനിയുമാണ്. ഇവരെ നോക്കി കൈ വീശി കാണിച്ച ശേഷമാണ് അമിത് ഷാ മുന്നോട്ട് നടന്നുനീങ്ങിയത്. പ്രതിഷേധിച്ച പെൺകുട്ടികൾക്കെതിരെ ബിജെപി അനുകൂല പ്രവർത്തകർ മുദ്രാവാക്യം വിളച്ചതോടെ രംഗം നാടകീയമായി. പെൺകുട്ടികൾക്ക് പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. എന്താണ് ഈ യുവതികൾക്ക് നേരെ എടുക്കുന്ന നടപടിയെന്നതിലും വ്യക്തതയില്ല.

ലജ്പത് നഗർ കാലങ്ങളായി ബിജെപിയുടെ ശക്തി കേന്ദ്രമാണ്. സുരക്ഷിതമായി, ഇത്തരത്തിലൊരു പ്രചാരണ പരിപാടി നടത്താവുന്ന ഇടമെന്ന് കണ്ടാണ് ലജ്പത് നഗർ തന്നെ ബിജെപി പ്രചാരണത്തിന് തെരഞ്ഞെടുത്തത്. എന്നാൽ അവിടെത്തന്നെയാണ് ഇത്തരത്തിലൊരു ഗോബാക്ക് വിളിയുണ്ടായത് എന്നത് പാർട്ടിക്ക് തന്നെ വലിയ നാണക്കേടായി.

ജനസമ്പര്‍ക്ക പരിപാടി കേരളത്തില്‍ തുടക്കത്തില്‍തന്നെ പാളിയതും നേരത്തെ ബിജെപിക്ക് തിരിച്ചടിയായിരുന്നു. ബിജെപിയുടെ വീട് കേറിയുള്ള പ്രചാരണ പരിപാടിക്കായി കേരളത്തിലെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ ആദ്യ സന്ദര്‍ശനത്തില്‍തന്നെ സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ അതൃപ്തി അറിയിച്ചതാണ് തിരിച്ചടിയായത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു വീട്ടിലെത്തിയപ്പോഴാണ് ജോര്‍ജ് ഓണക്കൂര്‍ പൗരത്വ നിയമഭേദഗതിയിലെ വിയോജിപ്പ് അറിയിച്ചത്‌.

പൗരത്വ നിയമഭേദഗതിയോടുള്ള വിയോജിപ്പ് അറിയിച്ച സാഹിത്യകാരന്‍ ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് പറഞ്ഞു.

ജോര്‍ജ് ഓണക്കൂരിന്റെ വീട്ടിലായിരുന്നു കിരണ്‍ റിജിജുവിന്റെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയുടെ തുടക്കം. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നത് തുടക്കം പാളി എന്ന് വിലയിരുത്തേണ്ടി വരും. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കേന്ദ്രമന്ത്രി വിശദീകരിച്ചപ്പോള്‍ തന്റെ എതിര്‍പ്പ് ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം തന്റെ നിലപാട് മാധ്യമങ്ങളെ ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയും ചെയ്തു. തനിക്ക് ഇന്ത്യകാരന്‍ എന്നതാണ് മതമെന്നും ജോര്‍ജ് ഓണക്കൂര്‍ മാധ്യങ്ങളോട് പറഞ്ഞു.

പൗരത്വ നിയമഭേദഗതിയിൽ ജനരോഷം ആളിക്കത്തിയപ്പോൾ പ്രതിരോധത്തിലായ ബിജെപി വിപുലമായ പ്രചാരണത്തിനാണ് തുടക്കം കുറിച്ചത്. വിപുലമായി പണം ചെലവഴിച്ച്, വൻ പ്രചാരണം നടത്താൻ തന്നെയാണ് ബിജെപി ഒരുങ്ങുന്നത്. താഴേത്തട്ടിൽ നിന്ന് പ്രചാരണം തുടങ്ങി. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി. രാജ്യവ്യാപകമായി മുന്നൂറ് ഇടങ്ങളിൽ വാർത്താ സമ്മേളനങ്ങൾ, ആയിരം റാലികൾ എന്നിവയായിരുന്നു ബിജെപിയുടെ പദ്ധതി.

SHARE