കോവിഡ് 19: ആകെ മരണസംഖ്യ നാല് ലക്ഷം കടന്നു; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

കോവിഡ് -19 ല്‍ മഹാമാരിയല്‍ ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം നാല് ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ചാണ് മരണസംഖ്യ 400,000 കവിഞ്ഞത്. എന്നാല്‍ വിവിധ രാജ്യങ്ങളിലായി മരിച്ച പലരിലും വൈറസിന് പരിശോധന നടത്തിയിട്ടില്ലാത്തതിനാല്‍ മരണസംഖ്യ ഇതിലുംകൂടമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

കൊറോണ വൈറസ് മരണങ്ങളും അണുബാധകളും പ്രസിദ്ധീകരിക്കുന്നത് ബ്രസീല്‍ സര്‍ക്കാര്‍ നിര്‍ത്തി ഒരു ദിവസത്തിന് ശേഷമാണ് ഈ നാഴികക്കല്ല് എത്തിയത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്തിലൂടെ പടര്‍ന്നുപിടിക്കുന്ന രോഗത്തിന്റെ യഥാര്‍ത്ഥ എണ്ണം മറച്ചുവെക്കാനുള്ള അസാധാരണമായ ശ്രമമാണ് ഈ നടപടിയെ വിമര്‍ശകര്‍ വിശേഷിപ്പിച്ചത്. കൊറോണ വൈറസ് മരണങ്ങളും അണുബാധകളും നിരവധി രാജ്യങ്ങള്‍ പുറത്തുവിടാത്ത അവസ്ഥയാണ്. കോവിഡ് രൂക്ഷമായി ബ്രസീലില്‍ സര്‍ക്കാര്‍ വിശദീകരണം നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് ലോക മരണസംഖ്യ നാല് ലക്ഷത്തിലെത്തിയത്. ബ്രസീലില്‍ നിന്നുള്ള അവസാന റിപ്പോര്‍ട്ട് പ്രകാരം 34,000 മരണങ്ങള്‍ രേഖപ്പെടുത്തിത്. ഇത് യുഎസിനും ബ്രിട്ടനും പിന്നില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ മരണ നിരക്കാണ്.

അതേസമയം, ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. ശനിയാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 2.45 ലക്ഷം കടന്നു. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സ്പെയിന്‍(2.41 ലക്ഷം രോഗികള്‍) ആറാമതായി. 24 മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്തേക്കെത്തിയിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9,971 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,46,628 ആയി ഉയര്‍ന്നു. 

കോവിഡ് രോഗികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും മറ്റു രാജ്യങ്ങളിലെ കോവിഡ് മരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ പിന്നിലാണെന്ന സമാധാനമുണ്ട്. ഇറ്റലിയില്‍ 33,700ലേറെ മരണങ്ങളും സ്പെയിനില്‍ 27,100ലേറെ മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ 6,640ലേറെ കോവിഡ് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.