മാക്‌സ്‌വെല്ലിന് തകര്‍പ്പന്‍ സെഞ്ച്വറി; ടി 20യില്‍ ഇംഗ്ലണ്ടിനെയും വീഴ്ത്തി ഓസീസ്

ഹോബര്‍ട്ട്: ഐ.പി.എല്‍ കളിക്കാരുടെ ലേലത്തില്‍ തന്നെ കൈവിട്ട കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമകള്‍ക്ക് ബാറ്റു കൊണ്ട് മറുപടി നല്‍കി ഗ്ലെന്‍ മാക്‌സ്‌വെല്‍. ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ 58 പന്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് തന്റെ ഹാര്‍ഡ് ഹിറ്റിങ് പവറിന് കുറവൊന്നും വന്നിട്ടില്ലെന്ന് ഓസീസ് താരം പ്രഖ്യാപിച്ചത്. കാലം കഴിഞ്ഞുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും തന്നെ ഒമ്പത് കോടിയെന്ന വന്‍ വില കൊടുത്ത് വാങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ശുഭപ്രതീക്ഷ പകരാനും നിര്‍ണായക ഇന്നിങ്‌സോടെ മാക്‌സ്‌വെല്ലിനായി.

ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 156 റണ്‍സ് വിജയലക്ഷ്യം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (103 നോട്ടൗട്ട്) സെഞ്ച്വറി മികവില്‍ ഒമ്പത് പന്ത് ശേഷിക്കെ ഓസീസ് മറികടക്കുകയായിരുന്നു. 58 പന്തില്‍ പത്ത് ഫോറും നാല് സിക്‌സറുമടക്കം മൂന്നക്കം കടക്കുകയും മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത മാക്‌സ്‌വെല്‍ ആണ് കളിയിലെ കേമന്‍.

ന്യൂസിലാന്റിനെതിരായ ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ടിന് ഹോബര്‍ട്ടില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയായിരുന്നു. ഡേവിഡ് മാലന്‍ (36 പന്തില്‍ 50) ഒഴികെ മറ്റാരും ബാറ്റിങില്‍ തിളങ്ങാത്തതാണ് താരതമ്യേന കുറഞ്ഞ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇംഗ്ലണ്ടിനെ നിര്‍ബന്ധിതരാക്കിയത്. അലക്‌സ് ഹെയില്‍സ് (22), ഇയോന്‍ മോര്‍ഗന്‍ (22), ക്രിസ് ജോര്‍ദാന്‍ (16), സാം ബില്ലിങ്‌സ് (10) എന്നിവര്‍ മാത്രമേ ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കണ്ടുള്ളൂ. 10 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി മാക്‌സ്‌വെല്ലും 15 റണ്‍സ് വഴങ്ങി രണ്ടു പേരെ പുറത്താക്കി ആഷ്ടന്‍ ആഗറും ബൗളിങില്‍ തിളങ്ങി.

ഓപണര്‍ ഡേവിഡ് വാര്‍ണര്‍ (4), ക്രിസ് ലിന്‍ (0) എന്നിവരെ തുടക്കത്തില്‍ നഷ്ടമായ ഓസ്‌ട്രേലിയ പ്രതിസന്ധി നേരിട്ട ഘത്തില്‍ ഡി ആര്‍സി ഷോര്‍ട്ടിനൊപ്പം (30) ഇന്നിങ്‌സ് കെട്ടിപ്പടുത്ത മാക്‌സ്‌വെല്‍ മത്സരത്തിന്റെ നിയന്ത്രണം ഏറെക്കുറെ ഒറ്റക്ക് ഏറ്റെടുക്കുകയായിരുന്നു. 30 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറുമടക്കം അര്‍ധശതകം പിന്നിട്ട മാക്‌സ്‌വെല്‍ ഷോര്‍ട്ട് പുറത്തായ ശേഷം മാര്‍ക്കസ് സ്റ്റോയ്‌നിസ് (6), ട്രവിസ് ഹെഡ് (6), അലക്‌സ് കാരി (5 നോട്ടൗട്ട്) എന്നിവരെ ഒരറ്റത്ത് നിര്‍ത്തി വിജയലക്ഷ്യത്തിലെത്തി. ജയിക്കാന്‍ ഒരു റണ്‍സ് മാത്രം ആവശ്യമായിരിക്കെ 97-ലായിരുന്ന മാക്‌സ്‌വെല്‍ സിക്‌സര്‍ പറത്തിയാണ് സെഞ്ച്വറിയിലെത്തിയത്.