നോട്ടു നിരോധന സമയത്തെ മുതലക്കണ്ണീര്‍ ആവര്‍ത്തിച്ച് മോദി

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മുതലക്കണ്ണീരൊഴുക്കി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ പുറത്തെടുത്തതും ഇതേ ആയുധം. രാംലീലാ മൈതാനിയില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിലുടനീളം കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ, താനെന്ന വ്യക്തിക്കെതിരായ വേട്ടയായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. കേന്ദ്ര ഭരണത്തിനെതിരായ ജനകീയ പ്രതിഷേധങ്ങളെ നിസ്സാരവല്‍കരിക്കാനായിരുന്നു ഇതിലൂടെ മോദി ശ്രമിച്ചത്.
നോട്ടുമാറാന്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ജനം വരിനിന്ന് തളര്‍ന്നു വീണു മരിക്കുമ്പോഴായിരുന്നു 2016ല്‍ മോദി ഇതിനു മുമ്പ് മുതലക്കണ്ണീരുമായി രംഗത്തെത്തിയത്. 50 ദിവസം കൊണ്ട് നോട്ടു നിരോധനത്തിന്റെ ദുരിതം തീര്‍ന്നില്ലെങ്കില്‍ തന്നെ തീവെച്ചോളൂവെന്ന് പറഞ്ഞ അതേ ശൈലി തന്നെയായിരുന്നു ഇന്നലേയും അദ്ദേഹം പുറത്തെടുത്തത്. തന്നെ വേട്ടയാടിക്കോളൂ, പാവങ്ങളെ വെറുതെ വിടൂ, തന്നെ വെറുത്തോളൂ, പൊതുമുതലിന് തീയിടാതിരിക്കൂ തുടങ്ങിയ അദ്ദേഹത്തിന്റെ വാക്കുകള്‍ ദുഷിച്ച ഭരണ വ്യവസ്ഥക്കെതിരായ പ്രതിഷേധങ്ങളെ ഒരു വ്യക്തിക്കെതിരായ പകതീര്‍ക്കലാക്കി ലളിതവല്‍ക്കരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.
കള്ളപ്പണക്കാരെ പിടികൂടാനാണ് നോട്ടു നിരോധനം നടപ്പാക്കിയതെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച മോദി, ദളിതരെ രക്ഷിക്കാനാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതെന്ന് പറഞ്ഞ് സമാന തന്ത്രം തന്നെയാണ് വീണ്ടും പുറത്തെടുക്കുന്നത്. ദളിതരും പൗരത്വ നിയമ ഭേദഗതിയും തമ്മിലെന്ത് ബന്ധം എന്ന ചോദ്യത്തിന് പക്ഷേ കേന്ദ്രത്തിന് ഉത്തരമില്ല.
മതത്തിന്റെപേരില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും നിയമ ഭേദഗതി മുസ്്‌ലിംകളെ ബാധിക്കില്ലെന്നും അവകാശപ്പെടുന്ന മോദി, മതം മാത്രം മാനദണ്ഡമാക്കിയാണ് നിയമ ഭേദഗതി കൊണ്ടുവന്നതെന്ന വസ്തുതയെ കണ്ണടച്ചു ഇരുട്ടാക്കുകയാണ്. മുസ്്‌ലിംകളെ മാത്രമാണ് നിയമ ഭേദഗതിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
50 ദിവസം പോയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നോട്ടു നിരോധനത്തിന്റെ ദുരിതത്തില്‍ നിന്ന് രാജ്യം കരകയറിയിട്ടില്ല. നോട്ടു നിരേധനത്തെതുടര്‍ന്ന് വിപണിയിലുണ്ടായ തളര്‍ച്ചയില്‍ ദശലലക്ഷക്കണക്കിന് ജനങ്ങളാണ് തൊഴില്‍ രഹിതരായത്. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ അധികവും അസംഘടിത മേഖലയില്‍നിന്നുള്ളവരായതിനാല്‍ തന്നെ കാര്യമായ വാര്‍ത്താ പ്രാധാന്യം ഇതിനു ലഭിച്ചിരുന്നില്ല. ചെറുകിട, ഇടത്തരം വ്യാപാരികളേയും വ്യവസായികളേയും കേന്ദ്ര സര്‍ക്കാര്‍ നീക്കം തകര്‍ത്തു കളഞ്ഞു. തിടുക്കപ്പെട്ട് ജി.എസ്.ടി നടപ്പാക്കുക കൂടി ചെയ്തതോടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞു. തൊഴിലവസര വളര്‍ച്ച നാലരപ്പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. സാമ്പത്തിക വളര്‍ച്ച ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലും. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരം പിടിച്ചുപറിച്ചിട്ടു പോലും എണീറ്റു നില്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് മോദി ഭരണത്തില്‍ രാജ്യം എത്തിപ്പെട്ടിരിക്കുന്നത്. മൂഡീസും ലോകബാങ്കും ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികള്‍ക്കൊപ്പം റിസര്‍വ് ബാങ്ക് വരെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചു കഴിഞ്ഞു. ഈ വീഴ്ച മറച്ചുപിടിക്കാനാണ് മോദി സര്‍ക്കാര്‍ പൗരത്വ രജിസ്റ്റരും പൗരത്വ നിയമ ഭേദഗതിയും ഉയര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് നോട്ടു നിരോധന കാലത്ത് പുറത്തെടുത്ത അതേ മുതലക്കണ്ണീരൊഴുക്കി രാജ്യത്തെ ഒരിക്കല്‍കൂടി കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്.