പത്തൊന്‍പതുകാരിയെ അയല്‍ക്കാരനായ വൃദ്ധനൊപ്പം കാണാതായി; തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം

സിധ്പൂര്‍: ഗുജറാത്തില്‍ വിവാഹിതനും പേരക്കുട്ടികളുമുള്ള വൃദ്ധനോടൊപ്പം പത്തൊന്‍പതുകാരിയെ കാണാതായതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. വൃദ്ധന്‍ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായാണ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

ഗുജറാത്തിലെ പഠാന്‍ ജില്ലയിലെ സിധ്പൂര്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയുടെ സഹോദരന്‍ ഹേബിയസ് കോര്‍പസ് പരാതി നല്‍കിയിട്ടും പൊലീസ് നിസാരമായാണ് കേസ് കണ്ടതെന്ന് കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിയെ അയല്‍വാസിയായ ഷൊവാന്‍ജി ടാക്കൂര്‍ ബലമായി തട്ടിക്കൊണ്ട് പോയതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. ജൂണ്‍ 2 നാണ് പെണ്‍കുട്ടിയെ കാണാതായത്. അന്ന് തന്നെ പൊലീസിനെ പരാതിയുമായി സമീപിച്ചെങ്കിലും മൂന്ന് ദിവസം പിന്നിട്ട ശേഷമാണ് പരാതി സ്വീകരിച്ചതെന്ന് കുടുംബം കോടതിയില്‍ പറഞ്ഞു.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതായിരുന്നു പരാതി എടുക്കാതിരുന്നതിന് കാരണമായി പൊലീസ് പറഞ്ഞ കാരണമെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിക്കുന്നു. പരാതി സ്വീകരിച്ചതിന് പിന്നാലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരിക്കാനോ ജീവന്‍ അപകടത്തിലായിരിക്കാനോ സാധ്യതയുണ്ടെന്ന് പൊലീസുകാര്‍ പ്രതികരിച്ചതോടെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

SHARE