ആറാംക്ലാസുകാരിയുടെ അസ്വാഭാവിക മരണം; കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന്‍


കൊല്ലം: കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് പങ്കുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വീടിനകത്താണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

കുട്ടിയുടെ അച്ഛന് കഞ്ചാവ്-ലഹരി മാഫിയയുമായി ബന്ധമുള്ളതായി കുട്ടിയുടെ മുത്തച്ഛന്‍ ആരോപിച്ചിരുന്നു. ഇവരില്‍ പലരും കുട്ടിയുടെ വീട്ടില്‍ എത്താറുണ്ടെന്നും അവിടെവെച്ച് തന്നെ ലഹരി ഉപയോഗിക്കാറുണ്ടെന്നും മുത്തച്ഛന്‍ പറയുന്നു. കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മയും പറയുന്നത്.

വീടിന് പുറത്ത് അമ്മയെ ജോലിയില്‍ സഹായിക്കുകയായിരുന്നു കുട്ടിയോട് വീട്ടില്‍ പോയി പ്രാര്‍ഥന നടത്താന്‍ അമ്മ പറഞ്ഞിരുന്നു. ഇതനുസരിച്ച് കുട്ടി വീട്ടിലേക്ക് പോയി. പിന്നീട് അമ്മ വീടിനകത്തേക്ക് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തകര ഷീറ്റ് കൊണ്ട് മറച്ച വീട്ടില്‍ മാതാപിതാക്കളും മൂന്ന് കുട്ടികളുമാണ് ഉള്ളത്. എന്ത് കാരണമുണ്ടായാലും കുട്ടി ഒറ്റയ്ക്ക് ഇങ്ങനെ ചെയ്യില്ലെന്നാണ് അമ്മ പറയുന്നത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

SHARE