കാമുകനൊപ്പം ചേര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ നാടകം; മാതാപിതാക്കളോട് 19 കാരി ആവശ്യപ്പെട്ടത് ഒരു കോടി രൂപ

ആഗ്ര: കാമുകനൊപ്പം ചേര്‍ന്ന് 19 കാരിയുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം. ഉത്തര്‍പ്രദേശിലെ ഏട്ടാ ജില്ലയിലെ നാഗ്ലഭാജ്‌ന ഗ്രാമത്തിലാണ് കഴിഞ്ഞദിവസം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോയ മകളെ വിട്ടുകിട്ടണമെങ്കില്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടത് ഒരു കോടി രൂപയാണ്. ഒടുവില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത് വീടിന് ഇരുന്നൂറ് മീറ്റര്‍ അപ്പുറത്തുനിന്ന്. പിടിയിലായതോടെ പൊളിഞ്ഞത് ഒരുകോടി രൂപയുമായി കാമുകനൊപ്പം നാടുവിടാനുള്ള ശ്രമവും.

വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഗ്രാമത്തിലെ 19 വയസ്സുകാരിയെ വീട്ടില്‍നിന്ന് കാണാതായത്. പിന്നാലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യം നല്‍കിയാല്‍ വിട്ടുനല്‍കാമെന്നുമുള്ള ഫോണ്‍ സന്ദേശം ലഭിച്ചു. പെണ്‍കുട്ടി തന്നെയാണ് ശബ്ദം മാറ്റി മാതാപിതാക്കളോട് ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. എന്നാല്‍ കുടുംബം പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കണ്ടെത്തുകയും ചെയ്തു. പൊലീസിനെ കണ്ട് കാമുകന്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യംചെയ്തതോടെയാണ് സ്വയം ആസൂത്രണം ചെയ്ത തട്ടിക്കൊണ്ടുപോകല്‍ നാടകമായിരുന്നുവെന്ന് തെളിഞ്ഞത്.

SHARE