ഫെയ്‌സ്ബുക്ക് പ്രണയം: കാമുകനൊപ്പം പോകുന്നതിനെ എതിര്‍ത്ത അമ്മയെ മകള്‍ കുത്തിക്കൊന്നു

ചെന്നൈ: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ആള്‍ക്കൊപ്പം പോകുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു. തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതി (50)യാണ് മകള്‍ ദേവിപ്രിയ (19) യുടെ കുത്തേറ്റ് മരിച്ചത്.

ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ദേവിപ്രിയ കുംഭകോണം സ്വദേശി വിവേകുമായി പ്രണയത്തിലായിരുന്നു. ഇവര്‍ പരിചയപ്പെട്ടതും പ്രണയിച്ചതും ഫെയ്‌സ്ബുക്ക് വഴിയായിരുന്നു. ഇതിനിടെ മകളുടെ പ്രണയത്തെ കുറിച്ചറിഞ്ഞ ഭാനുമതി ഫോണ്‍ വാങ്ങിവെച്ചെങ്കിലും മകള്‍ ബന്ധം തുടര്‍ന്നു.

ഇതിനിടെ ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. ദേവിപ്രിയയെ കൂട്ടിക്കൊണ്ടുവരാന്‍ രണ്ട് സുഹൃത്തുക്കളെ വിവേക് വീട്ടിലേക്കയച്ചു. കുംഭകോണത്തെ തുണിക്കടയിലെ ജീവനക്കാരായ വിഘ്‌നേഷും സതീഷുമാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവാന്‍ തിരുവള്ളൂരിലെത്തിയത്.

ഇവര്‍ക്കൊപ്പം ഇറങ്ങിപ്പോവാന്‍ തുനിഞ്ഞ ദേവിപ്രിയയെ അമ്മ തടഞ്ഞുവെച്ചു. ഇതോടെ ക്ഷുഭിതയായ ദേവിപ്രിയ അമ്മയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ ഭാനുമതി തല്‍ക്ഷണം മരിച്ചു. ഭാനുമതി കൊല്ലപ്പെട്ടതോടെ വിവേകിന്റെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

SHARE