കാമുകനേയും കൂട്ടി യുവതി മറ്റൊരു കാമുകനെ കൊലപ്പെടുത്തി

കൊല്‍ക്കത്ത: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകനെ യുവതി മറ്റൊരു കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഉത്തര 24 പര്‍ഗാന ജില്ലയിലാണ് സംഭവം. അജയ് കര്‍ (25) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വീട്ടമ്മയായ സഖി ചക്രവര്‍ത്തി, ഇവരുടെ കാമുകന്‍ വിശ്വജിത്ത് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്.

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സഖിയുമായി അജയ് കര്‍ എതാനും മാസമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ സഖി വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും അജയ് നിരസിച്ചു. ഇതേതുടര്‍ന്ന് തന്റെ മറ്റൊരു കാമുകനായ വിശ്വജിത്തിന്റെ സഹായത്തോടെ അജയ് കറിനെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.

അജയ് കറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ കുടുംബം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ ബുധനാഴ്ച മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സഖി ചക്രവര്‍ത്തിയുമായി അജയ് കര്‍ അടുപ്പത്തിലായിരുന്നുവെന്ന് കുടുംബത്തിന്റെ മൊഴിയില്‍നിന്ന് സൂചന ലഭിച്ചതോടെയാണ് പൊലീസ് ഈ വഴിക്ക് അന്വേഷണം നടത്തിയതായും യുവതിയേയും കാമുകനേയും കസ്റ്റഡിയില്‍ എടുത്തതും.