വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചായിരുന്നു അപകടം.

പാളം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്. നടക്കാവ് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു. നീറ്റ് പരീക്ഷയില്‍ റാങ്ക് കുറഞ്ഞതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം.

വന്ദനയുടെ നീറ്റ് റിസല്‍ട്ട് കഴിഞ്ഞ ദിവസമാണ് വന്നത്. പരീക്ഷ ജയിച്ചുവെന്നാണ് വീട്ടില്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വീട്ടില്‍ ഒത്തുകൂടുകയും ചെയ്തിരുന്നു. പക്ഷെ റാങ്ക് കുറഞ്ഞത് പുറത്തറിയുമെന്ന് മനംനൊന്താവും ആത്മഹത്യയിലേക്ക് എത്തിച്ചത്.

എന്റെ ആയുസ്സ് ഇത്രയേ ഉള്ളൂ, ഞാന്‍ ആഗ്രഹിച്ച നിമിഷമായിരുന്നു ഇത്, ഐ.ലവ്.യു അച്ഛന്‍ അമ്മ വൈഷ്ണവ്, വിഷ്ണു എന്നിങ്ങനെ കൈത്തണ്ടയില്‍ എഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വന്ദന വെസ്റ്റ്ഹില്ലിലെ അക്ഷയകേന്ദ്രത്തില്‍ പോയി തിരികെ വരുമ്പോള്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് കരുതുന്നത്.