വീട്ടില്‍ കയറിയുള്ള വകവരുത്തല്‍ ചൈനയ്‌ക്കെതിരെ പറ്റില്ലേ; മോദിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ

ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ച സംഭവത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത സിന്‍ഹ.
ചൈനീസ് സൈന്യത്തിനെതിരെ ടിബറ്റില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് എന്തുപറയുന്നു എന്നായിരുന്നു സിന്‍ഹയുടെ പ്രതികരണം.

വീട്ടില്‍ കയറി വകവരുത്തുക എന്നതാണല്ലോ നമ്മുടെ സിദ്ധാന്തം. ഒരു കമാന്റിങ്ങ് ഓഫീസര്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ ജവാന്‍മാരുടെ വീരമൃത്യുവില്‍ ടിബറ്റിലെ ചൈനീസ് കേന്ദ്രങ്ങളില്‍ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നതിനെ കുറിച്ച് എന്ത് പറയുന്നു? അതല്ല ഈ വീമ്പ് പറച്ചില്‍ പാകിസ്താനെതിരെ മാത്രമേ ഉള്ളുവോ?, സിന്‍ഹ ട്വീറ്റ് ചെയ്തു.

പുല്‍വാമ ഭീകാരക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചും ഉടനടി മോദി നടത്തിയ വികാര പ്രസംഗത്തെ പരിഹസിച്ചുമായിരുന്നു, മുന്‍ ബിജെപി നേതാവിന്റെ ട്വീറ്റ്.

2019 ല്‍ 40 സൈനികരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകാരക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രമായ ബാലക്കോട്ടില്‍ വ്യോമാക്രമണം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതെന്നും ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം ഇന്ത്യയുടെ അവകാശവാദങ്ങള്‍ പാകിസ്താന്‍ തള്ളിയിരുന്നു. ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് എത്തിയിരുന്നെങ്കിലും ഇന്ത്യന്‍ മിസൈലുകള്‍ തങ്ങളുടെ ഒഴിഞ്ഞ മലഞ്ചെരിവുകളിലാണ് പതിച്ചതെന്നായിരുന്നു പാകിസ്താന്‍ പറഞ്ഞത്. ഇതോടെ പ്രത്യാക്രമണത്തിന്റെ തെളിവ് ചോദിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് വികാര പ്രസംഗവുമായി പ്രധാനമന്ത്രി മോദി രംഗത്തെത്തിയത്. വീട്ടില്‍ കയറി വകവരുത്തുക എന്നതാണ് നമ്മുടെ നയം എന്നായിരുന്നു മോദിയുടെ പ്രതികരണം. ഒരു രാജ്യത്തിനും നമ്മളെ നിസഹായാവസ്ഥയില്‍ ആക്കാന്‍ ആകില്ലെന്നും അഹമ്മദാബാദില്‍ നടന്ന റാലിയില്‍ മോദി പറഞ്ഞിരുന്നു.

അതേസമയം ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്നുമാണ് രാഷ്ട്രീയ നേതാക്കളുമായുള്ള മീറ്റിങില്‍ മോദി പറഞ്ഞത്. സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്നും മോദി പറഞ്ഞു.

അതേസമയം, അതിര്‍ത്തിയില്‍ എന്താണ് സംഭവിച്ചതെന്നും ഇന്ത്യയുടെ ഭൂമി ചൈന എങ്ങനെ കയ്യേറ്റം ചെയ്തു എന്നതിലും മോദി മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.