ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി ഭീകരാക്രമണം; നിരവധി മരണം

ബെര്‍ലിന്‍: ജര്‍മനിയിലെ മ്യൂന്‍സ്റ്റര്‍ നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. വാന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് പറയുന്നു. ഓള്‍ഡ് ടൗണില്‍ കീപെന്‍കേള്‍ പ്രതിമക്ക് സമീപമാണ് സംഭവം. എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണം കണക്കിലെടുത്ത് നഗരത്തില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അക്രമിയോടൊപ്പം കൂടുതല്‍ പേര്‍ ഉണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 2016 ഡിസംബറില്‍ ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ഒരു ക്രിസ്മസ് മാര്‍ക്കറ്റില്‍ ജനക്കൂട്ടത്തിലേക്ക് ലോറി ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു തുനീഷ്യന്‍ വംശജനാണ് ഈ ആക്രമണം നടത്തിയിരുന്നത്.

SHARE